ഉപയോഗശൂന്യമായ മരുന്നുകള്‍ സംസ്‌കരിക്കാന്‍ പദ്ധതി
തിരുവനന്തപുരം: ഉപയോഗശൂന്യമായ മരുന്നുകളുടെ സംസ്‌കരണത്തിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപാര്‍ട്ട്‌മെന്റും ഔഷധ വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എയും സംയുക്തമായി പദ്ധതി തയാറാക്കുന്നു.
പ്രൗഡ് (programme on removal of unused drugs)എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തിരുവനന്തപുരം നഗരസഭയില്‍ നടപ്പാക്കും. തുടര്‍ന്ന് പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകല്‍ മനസിലാക്കിയ ശേഷം സംസ്ഥാനവ്യാപകമാക്കുമെന്ന് എ.കെ.സി.ഡി.എ ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷണ ഘട്ടത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
രാജ്യത്ത് മരുന്നുകളുടെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും ഉപയോഗശൂന്യമായ മരുന്നുകള്‍ സംസ്‌കരിക്കുന്നത് കൃത്യമായ സംവിധാനങ്ങളോ വ്യവസ്ഥകളോ നിലവിലില്ല. നിലവില്‍ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളുമൊക്കെ ഉപയോഗശൂന്യമായ മരുന്നുകള്‍ അവരവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് സംസ്‌കരിക്കുകയാണ് പതിവ്. കേരളത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജ് എന്ന സ്ഥാപനം പാലക്കാട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ആശുപത്രി മാലിന്യങ്ങള്‍ക്കായുള്ളതാണ്. മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നിലവില്‍ മറ്റു സംവിധാനങ്ങളില്ല. പുതിയ പദ്ധതിയനുസരിച്ച് ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റാംകി എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെത്തിച്ച് സംസ്‌കരിക്കും.
ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതിനായി വിവിധയിടങ്ങളില്‍ വീപ്പകള്‍ സ്ഥാപിക്കും. ഇതില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് പുറത്തുനിന്നുള്ള ഏജന്‍സിയായിരിക്കും. കുടുംബശ്രീ ഉള്‍പ്പടെയുള്ള ഏജന്‍സികളെ ഇതിനായി പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. മാലിന്യവീപ്പകളിലെ മരുന്നുകള്‍ വീണ്ടും വിപണിയിലെത്താതിരിക്കുന്നതിന് സുരക്ഷാക്രമീകരണങ്ങളും ഒരുക്കും. മാലിന്യം ശേഖരിക്കുന്ന ഏജന്‍സിക്ക് മാത്രമായിരിക്കും വീപ്പ തുറക്കാന്‍ കഴിയുക. മാലിന്യങ്ങള്‍ സംസ്‌കരണ സ്ഥാപനത്തിലെത്തുന്നത് നിരീക്ഷിക്കാനും സംവിധാനമുണ്ടാകും. ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ചെലവ് എ.കെ.സി.ഡി.എ വഹിക്കും. ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റും പദ്ധതിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."