പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സി ക്ഷേമനിധി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി
റിയാദ്: ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി(ICWF) വിനിയോഗിച്ചുകൊണ്ട് പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തിങ്കളാഴ്ച കോടതിയുടെ പരിഗണനക്കു വന്ന ഹർജിയിൽ വെള്ളിയാഴ്ചക്കു മുമ്പ് കേന്ദ്രസർക്കാർ നിലപാടറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് ജ: അനു ശിവരാമൻ നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശത്തിനുവേണ്ടി കൂടുതൽ സമയം അനുവദിക്കണമെന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന കോടതി തള്ളി. കേസ് വീണ്ടും വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്കു വരും.
വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹർജിക്കാർ. കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലാവുകയും നാട്ടിൽ വരാൻ വിമാന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്തവരുമായ യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭർത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ ക്ഷേമനിധിയിൽ (ഇൻഡ്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്) നിന്നും തുക അനുവദിക്കണമെന്നാണ് ഒന്നും രണ്ടും മൂന്നും ഹർജിക്കാരികളുടെ ആവശ്യം. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധികളിലെ നൂറു കോടിയിൽപ്പരം രൂപ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പാവപ്പെട്ട ഇന്ത്യൻ
തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്നാണ് നാലാം ഹരജിക്കാരനായ ജോയ് കൈതാരത്തിന്റെ ആവശ്യം.
കേന്ദ്രസർക്കാരും, റിയാദിലെയും ദോഹയിലെയും ഇൻഡ്യൻ എംബസ്സികളിലെ അംബാസ്സഡർമാരും ദുബായിലെയും ജിദ്ദയിലെയും ഇൻഡ്യൻ കോൺസുലേറ്റ് ജനറൽമാരുമാണ് എതിർ കക്ഷികൾ. ഫണ്ടിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും ജോയ് കൈതാരത്ത് കേന്ദ വിദേശകാര്യ മന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും കൊടുത്ത നിവേദനങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റിയാദിലെ "ഇടം സാംസ്കാരികവേദി ", ദുബായിലെ "ഗ്രാമം", ദോഹയിലെ "കരുണ" എന്നീ സംഘടനകളുടെ സംയുക്ത ശ്രമഫലമായാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അഡ്വ പി ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ ജോർജ്ജ്, അഡ്വ. ആർ മുരളീധരൻ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."