വനിതകളെ വീട്ടുഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്യില്ല: തൊഴില്‍ മന്ത്രാലയം
ജിദ്ദ: വിദേശികളുള്‍പ്പെടെയുള്ള വനിതകള്‍ക്ക് വാഹനങ്ങളോടിക്കുന്നതിന് ലൈസന്‍സ് അനുവദിച്ച സാഹചര്യത്തില്‍ വീട്ടുഡ്രൈവര്‍മാരായി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
വീട്ടുഡ്രൈവര്‍മാരായി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ പ്രചാരണം നടക്കുന്നതിനിടയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വീട്ടുഡ്രൈവര്‍മാരുടെ ഡിമാന്റ് കുറയുന്നതിനും നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതിനും സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 13 ലക്ഷത്തോളം വിദേശികളായ വീട്ടുഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് ആകെ 15.5 ലക്ഷം വീട്ടുഡ്രൈവര്മാരാണുള്ളതെന്ന് സഊദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു.
45 ശതമാനം വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വീട്ടുഡ്രൈവര്‍മാരുടെ എണ്ണവും ഗണ്യമായി കൂടാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."