വൈകല്യത്തെ അതിജീവിച്ച് സംഗീതത്തിന്റെ അരങ്ങേറ്റം കുറിച്ചു; രാഗവിസ്മയത്തില്‍ സദസിന്റെ കണ്ണ് നനയിപ്പിച്ച് ശ്രീകാന്ത്
കഠിനംകുളം: കാഴ്ചവൈകല്യം മറന്ന് സംഗീത പ്രപഞ്ചത്തിലൂടെ സദസിനെ ആനന്ദത്തില്‍ ആറാടിച്ച 14 വയസുകാരന്‍ ആസ്വാദകര്‍ക്ക് പുതിയൊരു അനുഭവമായി. ജന്മനാ കാഴ്ചവൈകല്യമുള്‍പ്പെടെ പല വൈകല്യവുമുള്ള അണ്ടൂര്‍ക്കോണം വാഴവിള ശ്രീഭവനില്‍ എസ്.എസ് ശ്രീകാന്താണ് കഴിഞ്ഞ ദിവസം അണ്ടൂര്‍ക്കോണം മരുപ്പന്‍കോട് ദേവീക്ഷേത്രത്തിലെ പൂരം മഹോത്സവത്തോട് അനുബന്ധിച്ച് രണ്ടര മണിക്കൂറോളം രാഗ പിസ്താരം നടത്തി സംഗീത കച്ചേരിയില്‍ അരങ്ങേറ്റം നടത്തി നിറഞ്ഞ സദസിന്റെ കണ്ണ് നനയിപ്പിച്ചത്.
തിരുവനന്തപുരം എസ്.എം.വി സ്‌ക്കൂളില്‍ 10ാം ക്ലാസ് പഠനത്തിന് തയാറെടുക്കുന്ന ശ്രീകാന്തിന് രണ്ടാം വയസില്‍ തന്നെ സംഗീതത്തോട് ഏറേ പ്രിയമായിരുന്നു. വഴുതക്കാട്ടുള്ള സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഇവിടത്തെ സംഗീത അധ്യാപകനാണ് ശ്രീകാന്തിലുള്ള സംഗീത വാസനയെ വെളിച്ചത്തെത്തിച്ചത്. തുടര്‍ന്ന് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും മകന്റെ സംഗീതത്തോടുള്ള അമിതമായ ആഗ്രഹം സഫലമാക്കാനായി മതാപിതാക്കളായ ശ്രീകുമാറും സുഗതകുമാരിയും മാനസികമായി തയ്യാറെടുത്തതോടെ ലക്ഷ്യം വിജയത്തിലെത്തുകയായിരുന്നു. ശ്രീകാന്തിന്റെ ഒന്നാം ക്ലാസ് പഠനം മുതല്‍ ഇന്ന് വരേയും അമ്മയാണ് അവന്റെ എല്ലാം. എല്ലാ ദിവസവും രാവിലെ 9.30ന് സ്‌ക്കൂളില്‍ എത്തിച്ച ശേഷം സ്‌ക്കൂള്‍ സമയം കഴിയുംവരെയും അവിടെ കാത്തിരുന്ന് വീട്ടിലെത്തിക്കുന്നതും തുടര്‍ന്നുള്ള സംഗീത പഠനത്തിനും ദിനചര്യകള്‍ക്കും ഈ അമ്മശ്രീകാന്തിനൊപ്പമുണ്ടാകും.
കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രശസ്ത സംഗീത അധ്യാപകന്‍ വര്‍ക്കല സി.എസ് ശാന്താ റാമിന്റെ കീഴില്‍ ശ്രീകാന്ത് സംഗീതം അഭ്യസിക്കുകയാണ്. ഏത് ഗാനം കേട്ടാലും അതിന്റെ രാഗവും താളവും ഉടന്‍ പറയുന്ന ഈ കൊച്ച് മിടുക്കന്‍ ചിലപ്പോഴൊക്കെ വലിയ പിടിവാശിക്കാരനുമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ശ്രീകാന്തിന്റെ സംഗീതക്കച്ചേരിയുടെ അരങ്ങേറ്റം വിജയത്തിലെത്തിക്കാന്‍ വര്‍ക്കല കണ്ണന്‍ വയലിനും, പരവൂര്‍ സുനില്‍ മൃദംഗവും അഞ്ചല്‍ കൃഷ്ണയ്യര്‍ ഘടവും ഗൗരീഷപട്ടം സജി മുഖര്‍ ശംഖും വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."