HOME
DETAILS

ജനങ്ങളെ വേണ്ടേ..? അദാനിയെ മതിയോ

  
backup
March 13 2019 | 19:03 PM

suprabhaatham-todays-article-14-03-2019

 

 

ജനതാല്‍പര്യങ്ങള്‍ക്കും സംസ്ഥാന താല്‍പര്യത്തിനും തീര്‍ത്തും വിരുദ്ധമാണ് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം. രാഷ്ട്രത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുക്കുന്ന കേവല നടപടി മാത്രമാണിത്. സ്വകാര്യവല്‍ക്കരിച്ചാലേ വികസനമുണ്ടാകൂവെന്ന പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോള്‍ സംഘടിതമായി നീക്കങ്ങള്‍ നടക്കുന്നത്.


ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ വികസനം നടക്കില്ലെന്നും മറിച്ച് പൊതുസ്ഥാപനങ്ങളും സംരംഭങ്ങളും ആസ്തിവകകളും സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പിനും കൈമാറിയെങ്കില്‍ മാത്രമേ അതെല്ലാം ഫലപ്രദമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയൂ എന്നും വരുന്നത് ജനാധിപത്യ സംവിധാനത്തിനുതന്നെ അപമാനകരമാണ്. ഇക്കണക്കിന് പോയാല്‍ കേന്ദ്ര സംസ്ഥാന ഭരണംതന്നെ സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കണമെന്ന വാദം ഉയര്‍ന്നുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മുപ്പതിനായിരം കോടിയിലേറെ വരുന്ന പൊതുസ്വത്ത് വേണ്ടത്ര നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാതെ സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിന് കൈമാറുന്ന ഈ ജനവഞ്ചനയെ എന്തോ വലിയൊരു സംഭവമായി ചിത്രീകരിക്കാനാണ് 'അദാനി സ്‌പോണ്‍സേഡ് ' പ്രചാരകര്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ക്ക് നിരക്കാത്ത വാദഗതിയാണ് അവരൊക്കെ ഉന്നയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായാലും ജനങ്ങള്‍ക്ക് അധികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായാലും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയുന്നത്ര മറ്റാര്‍ക്കുമാകില്ല.


കണക്കുകളനുസരിച്ച് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം ഇപ്പോള്‍തന്നെ സേവനത്തിലും വരുമാനത്തിലും മുന്നില്‍ തന്നെയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 169.32 കോടി രൂപയാണ് വിമാനത്താവളത്തിന്റെ ലാഭം. യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2011 -12ല്‍ ആഭ്യന്തര വിദേശ യാത്രക്കാരുടെ എണ്ണം 25 ലക്ഷമായിരുന്നത് 2017 -18ല്‍ 44 ലക്ഷത്തോളമായാണ് ഉയര്‍ന്നത്.


വികസനത്തിന്റെ കാര്യത്തിലും വന്‍മുന്നേറ്റത്തിലാണ് വിമാനത്താവളം. നിലവിലുള്ള 628 ഏക്കറിന് പുറമേ 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ ടെര്‍മിനല്‍ ബില്‍ഡിങിന് വഴിയൊരുങ്ങും. അതിനായി 600 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. 1,500 കോടി രൂപ ചെലവില്‍ നേരത്തെ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്ക് പുറമെയാണിത്. എന്നാല്‍ യാത്രക്കാരുടെ സൗകര്യങ്ങളെ മുന്‍നിര്‍ത്തി തുടര്‍വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ആഭ്യന്തര രാജ്യാന്തര വിമാന സര്‍വിസുകള്‍ കൂടുതലായി ആരംഭിക്കുന്നതിനും പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയുന്നതുപോലെ സ്വകാര്യ കുത്തക ഗ്രൂപ്പിന് കഴിയില്ല. വിമാനത്താവള നടത്തിപ്പിന് നല്ല പരിചയമുള്ള സംവിധാനമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍ സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിനാകട്ടെ വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവും ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥകളെല്ലാം അദാനിക്ക് വേണ്ടി മാത്രം രൂപപ്പെടുത്തിയിട്ടുള്ളതാണ്. ലേലം ചെയ്യുന്നതിന് ചുരുങ്ങിയ കരുതല്‍ സംഖ്യ പോലും പറഞ്ഞിട്ടില്ല. അതെല്ലാം അദാനി ഗ്രൂപ്പിന് ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്.


ആന്ധ്രയിലെ ബോഗപുരം ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ കാര്യത്തില്‍ ആദ്യത്തെ മൂന്നുവര്‍ഷത്തിനകം 2,700 കോടി രൂപ ഉള്‍പ്പെടെ രണ്ടാംഘട്ടത്തില്‍ 4,300 കോടി രൂപ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. അവിടെ ഓരോ യാത്രക്കാരന്റെയും പേരില്‍ 303 രൂപയാണ് ലേലത്തുകയെങ്കില്‍ തിരുവനന്തപുരത്ത് അദാനിക്ക് അത് 168 രൂപ മാത്രമാണ്. യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് ഇനത്തില്‍ ആഭ്യന്തര യാത്രക്കാരില്‍നിന്ന് 468 രൂപ വീതവും വിദേശ യാത്രക്കാരില്‍നിന്ന് 988 രൂപ വീതവുമാണ് പിരിക്കുന്നത്. ഇതില്‍നിന്ന് 168 രൂപ മാത്രം അദാനി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൊടുത്താല്‍ മതി. ഈ ഇനത്തില്‍ മാത്രം ഏതാണ്ട് 66 കോടി രൂപ അദാനിക്ക് ഒരു വര്‍ഷത്തില്‍ ലാഭം കിട്ടും.


വിമാനങ്ങളുടെ ലാന്‍ഡിങ്, മറ്റു ഫീസുകള്‍, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളില്‍നിന്നും കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ നിന്നുമുള്ള വരുമാനം, പരസ്യങ്ങള്‍ ഇതെല്ലാം ചേര്‍ന്ന് പ്രതിമാസം ഏകദേശം 8.22 കോടി രൂപ എന്നനിലയില്‍ ഒരു വര്‍ഷത്തേക്ക് 98.64 കോടി രൂപയാണ് അദാനിക്ക് ലഭിക്കുക. ഇതിനെല്ലാം പുറമെയാണ് വിമാനത്താവളത്തിന്റെ 628 ഏക്കര്‍ ഭൂമി. ഈ ഭൂമി മറിച്ചുനല്‍കി വന്‍തോതില്‍ വരുമാനം ഉണ്ടാക്കാനും അദാനിക്ക് കഴിയും. ചുരുക്കത്തില്‍ എ.ടി.സിക്ക് ഫീസിനത്തില്‍ നല്‍കേണ്ട ചെലവൊഴിച്ച് മറ്റെല്ലാ വരുമാന മാര്‍ഗങ്ങളും അദാനിക്കുമാത്രം അവകാശപ്പെട്ട നിലയിലാകും.
എയര്‍പോര്‍ട്ട് അതോറിറ്റി നിയമത്തിന് വിരുദ്ധമായി 50 വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതും അദാനിക്കുവേണ്ടി തന്നെയാണ്. യോഗ്യതാ നിര്‍ണയം, പദ്ധതി നിര്‍ദേശം എന്നീ കാര്യങ്ങള്‍ അതീവ തിടുക്കത്തിലാണ് നടത്തിയത്. സംസ്ഥാന സര്‍ക്കാരുകളും പൊതുജനങ്ങളുമായി വേണ്ടത്ര ആശയവിനിമയം നടത്താതെയാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ആറു വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് നല്‍കിയതെന്ന് വ്യോമയാന മന്ത്രാലയം രാജ്യസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം നടത്തിയതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നിര്‍ദിഷ്ട കൈമാറ്റ പദ്ധതിയില്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. കടുത്ത ആശങ്കയിലാണ് ജീവനക്കാരും. ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം എയര്‍പോര്‍ട്ട് അതോറിറ്റിക്കും അതുവഴി രാഷ്ട്രത്തിനും വന്‍നഷ്ടമാണ് വരുത്തിയത്. ഭൂമി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 1,63,557 കോടി രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളതെന്ന് സി.എ.ജി തന്നെ കണ്ടെത്തിയിട്ടുണ്ട്.


സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഡല്‍ഹി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെലവേറിയതാണെന്നാണ് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഡയരക്ടര്‍ ജനറല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. വിമാനത്താവള സ്വകാര്യവല്‍ക്കരണം രാജ്യത്തിന് വലിയ നഷ്ടം വരുത്തിയതിന്റെ ഫലമായിട്ടാണ് 2015-16 ലെ യൂനിയന്‍ ബജറ്റില്‍തന്നെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന പ്രഖ്യാപനമുണ്ടായത്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന്റെ ദോഷഫലങ്ങള്‍ മുരളി മനോഹര്‍ ജോഷി ചെയര്‍മാനായ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


കേന്ദ്ര പബ്ലിക് എന്റര്‍പ്രൈസസ് നടത്തിയ വിലയിരുത്തലില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റേറ്റിങ് 90.02 ആണ്. ഇത്തരത്തില്‍ എക്‌സലന്റ് റേറ്റിങുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് തികച്ചും അര്‍ഥശൂന്യവും ദുരൂഹവുമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമാഗതമായ സന്ദര്‍ഭത്തില്‍തന്നെ ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തികച്ചും ദുരുദ്ദേശ്യപരമാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ സ്വകാര്യ കുത്തക കമ്പനിക്ക് സര്‍വ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് വിമാനത്താവള സ്വകാര്യവല്‍ക്കരണം. ഈ തീരുമാനം പിന്‍വലിക്കണം. ഇതിനായി ശക്തമായ ജനപ്രതിരോധമാണ് ഉയര്‍ന്നുവരേണ്ടത്.


ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായപ്പോള്‍ അതിനെ ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. നിര്‍ഭാഗ്യവശാല്‍ ആ തരത്തില്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നതിനും സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം അറിയിക്കുന്നതിനുമുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇക്കാര്യമെല്ലാം മുഖ്യമന്ത്രിയുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിക്കപ്പെട്ടു. തന്നെയുമല്ല ലേലത്തില്‍ പങ്കെടുത്തതോടെ സ്വകാര്യവല്‍ക്കരണത്തിനെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തു.


ഇനിയെങ്കിലും ശക്തമായ പ്രതിഷേധ പ്രതികരണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം. യാതൊരു കാരണവശാലും 'സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റി'ല്‍ ഒപ്പിടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സര്‍വവിധ കുപ്രചാരണങ്ങളെയും ഗൂഢനീക്കങ്ങളെയും തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വന്തമായി കേന്ദ്രസര്‍ക്കാരില്‍തന്നെ നിലനിര്‍ത്തണം. അതിനായി ഒത്തൊരുമയോടെ പോരാടിയേ മതിയാകൂ. രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ ഒരു സ്വകാര്യ കുത്തകകളെയും അനുവദിക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago