പനമരം ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡന്റ് സ്ഥാനം ഒന്നരവര്‍ഷം എ ഗ്രൂപ്പിനു നല്‍കാന്‍ കോണ്‍ഗ്രസ് ധാരണ
കല്‍പ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഭരണകാലയളവിലെ അവസാനത്തെ ഒന്നര വര്‍ഷം ഏ ഗ്രൂപ്പിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ.
അടുത്തിടെ ഡി.സി.സി ഓഫിസില്‍ പാര്‍ട്ടി ജില്ലാ ഘടകത്തിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. ഇതേ ചര്‍ച്ചയിലാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി എ ഗ്രൂപ്പിനും നല്‍കാന്‍ തീരുമാനമായത്.
ഐ ഗ്രൂപ്പിനുവേണ്ടി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനും എ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് കെ.പി.സി.സി അംഗം എന്‍.ഡി അപ്പച്ചനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി, കണിയാമ്പറ്റ, പനമരം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് 14 ഡിവിഷനുകളുള്ള പനമരം ബ്ലോക്ക് പഞ്ചായത്ത്. കോണ്‍ഗ്രസിനു അഞ്ചും മുസ്‌ലിം ലീഗിനു മൂന്നും എല്‍.ഡി.എഫിനു നാലും ജെ.ഡി.യുവിനു ഒന്നും അംഗങ്ങളാണ് ഭരണസമിതിയില്‍. ഒരു സ്വതന്ത്രനും ഉണ്ട്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ടി.എസ് ദിലീപ്കുമാറാണ് നിലവില്‍ പ്രസിഡന്റ്. പുല്‍പ്പള്ളി ഡിവിഷനില്‍നിന്നുള്ള മെമ്പറാണ് ഇദ്ദേഹം. മുസ്‌ലിം ലീഗിലെ കെ. കുഞ്ഞായിഷയാണ് വൈസ് പ്രസിഡന്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എ, ഐ ഗ്രൂപ്പുകള്‍ക്ക് രണ്ടര വര്‍ഷം വീതം എന്നായിരുന്നു കോണ്‍ഗ്രസിലെ മുന്‍ ധാരണ. ഡി.സി.സി മുന്‍ പ്രസിഡന്റും ഇപ്പോള്‍ കെ.പി.സി.സി മെമ്പറുമായ കെ.എല്‍ പൗലോസ് പ്രത്യേക താല്‍പര്യമെടുത്താണ് ടി.എസ് ദിലീപ്കുമാറിന് പ്രസിഡന്റു സ്ഥാനം ലഭ്യമാക്കിയത്. പുതിയ ധാരണയനുസരിച്ച് 2019 മെയില്‍ ദിലീപ്കുമാര്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണം. പകരക്കാരനായി ആനപ്പാറ ഡിവിഷനില്‍നിന്നുള്ള അഡ്വ.പി.ഡി സജിയെയാണ് എ ഗ്രൂപ്പ് കണ്ടുവച്ചിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന നേതാവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്നു സജി നിലവില്‍ ഡി.സി.സി സെക്രട്ടറിയാണ്. ഐ, ഐ ഗ്രൂപ്പ് ധാരണയനുസരിച്ച് ശകുന്തള ഷണ്‍മുഖന്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവില്‍ ചാരിറ്റി ഡിവിഷനില്‍നിന്നുള്ള ഉഷ തമ്പിയാണ് ഐ ഗ്രൂപ്പിന്റെ പരിഗണയില്‍.
വനിതയ്ക്ക് സംവരണം ചെയ്തതാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എ ഗ്രൂപ്പിലെ എ. പ്രഭാകരന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. മുള്ളന്‍കൊല്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു ഐ ഗ്രൂപ്പിലെ ശിവരാമന്‍ പാറക്കുഴിയെ നീക്കുന്നതിനു നടത്തിയ നീക്കം വിഫലമായി. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ശിവരാമനെ നീക്കി തോമസ് പാഴുക്കാലായെ വൈസ് പ്രസിഡന്റാക്കണമെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തിയത്. എന്നാല്‍ ശിവരാമന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടാണ് ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. എത്ര സമ്മര്‍ദം ഉണ്ടായാലും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നു ശിവരാമനും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."