നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ കഴിഞ്ഞു: ഐസക് മാടവന
ചേര്‍ത്തല : നഗരത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ കഴിഞ്ഞതായി തിങ്കളാഴ്ച രാജിക്ക് മുമ്പായി നഗരസഭാധ്യക്ഷന്‍ ഐസക് മാടവന പറഞ്ഞു. പ്ലാസ്റ്റിക് നിരോധനമാണ് പ്രധാനം. നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിക്കുകയും വില്‍പന നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളും സ്വീകരിച്ചതോടെ നല്ലൊരു ശതമാനം വിജയമായി. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. അടുത്ത പ്രൊജക്ടില്‍ ഇതിനായി 20 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നഗരത്തില്‍ 26 എറൊയ്ബിക് ബിന്നുകള്‍ സ്ഥാപിച്ചു. നിലവില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും മാലിന്യം ഇവിടേക്ക് എത്തിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുകോടിയില്‍പരം രൂപ ചിലവഴിച്ച് പ്രധാന പാതയോരങ്ങളില്‍ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിച്ചു. നഗരസഭ ഓഫിസിന് മുന്നില്‍ 1.35 കോടി ചിലവില്‍ വ്യാപാരസമുച്ചയം നിര്‍മിച്ചു. എന്നാല്‍ ഇതിന്റെ പ്രൊജക്ടില്‍ വൈദ്യുതീകരണം ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നതിനാല്‍ പ്രത്യേക പ്രൊജക്ടായി ഇതും ടെണ്ടര്‍ ചെയ്തു. നഗരസഭ ഓഫിസ് പരിസരം ടൈലുകള്‍ പാകി മനോഹരമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 97.5 ശതമാനം പ്ലാന്‍ഫണ്ടും ചിലവാക്കിയതായും ഐസക് മാടവന പറഞ്ഞു. ഗവ.താലൂക്ക് ആശുപത്രിയില്‍ വയലാര്‍ രവി എംപി ഫണ്ടില്‍ 5.80 കോടി രൂപ ഹൈടെക് മെറ്റേണിറ്റി വാര്‍ഡ് കെട്ടിടത്തിന് അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഒരുവിഭാഗത്തിന്റെ തടസം കാരണം പണി തുടങ്ങുവാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു.
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് രാജിയെന്നും എന്നാല്‍ ഇതുസംബന്ധിച്ച് നേരത്തെ ഏതെങ്കിലും കരാരോ ധാരണയോ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. രാജി നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റിന്റെ കത്ത് ലഭിച്ചപ്പോള്‍ കെപിസിസി നേതൃത്വവുമായി ആലോചിക്കുകയും വിദേശ പര്യടനം കഴിഞ്ഞുവന്നശേഷം ഡിസിസി പ്രസിഡന്റുമായി സംസാരിച്ചശേഷം രാജിവയ്ക്കുവാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി നല്‍കിയതെന്നും ഐസക് മാടവന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."