ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കടത്തിയ നാലര കിലോ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി
കൊണ്ടോട്ടി: അബൂദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന് ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഉരുക്കിയൊഴിച്ച് കടത്താന്‍ ശ്രമിച്ച നാലര കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) സംഘം പിടികൂടി. ഇന്നലെ രാവിലെ 8.50ന് ഇത്തിഹാദ് എയര്‍വെയ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊയിലാണ്ടി സ്വദേശി ഉന്മേഷ്(35)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.28 കോടി രൂപ വില വരും.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘം ഉന്മേഷിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു പ്രധാനമായും സ്വര്‍ണം ഉണ്ടായിരുന്നത്. മറ്റൊരു ഉപകരണത്തിനകത്തും കുറച്ച് സ്വര്‍ണം ഒളിപ്പിച്ചിരുന്നു. ഇയാള്‍ കള്ളക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് ഡി.ആര്.ഐ വ്യക്തമാക്കി.
ബഹ്റൈനില്‍ നിന്ന് അബൂദബി വഴിയാണ് ഉന്മേഷ് കരിപ്പൂരിലെത്തിയത്. കരിപ്പൂരില്‍ യന്ത്രങ്ങളുടെ രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം നേരത്തേയും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."