ദേവിക്ക് തീണ്ടലുണ്ടാകുമെന്ന്; ക്ഷേത്രത്തിലും സര്‍ക്കാര്‍ ഭൂമിയിലും ദലിതര്‍ക്ക് വിലക്ക്
കൊച്ചി: ദേവീകോപം ഉണ്ടാകുമെന്നു പറഞ്ഞ് ക്ഷേത്രത്തിലും സര്‍ക്കാരിന്റെ ഒരേക്കര്‍ ഭൂമിയിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ വടയമ്പാടി ഭജനമഠം പട്ടികജാതി കോളനിക്കു സമീപത്താണ് ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം തടഞ്ഞതായി പരാതിയുള്ളത്. വടയമ്പാടി ഭജനമഠം ദേവീക്ഷേത്രത്തില്‍ പ്രദേശത്തെ നായര്‍ സമുദായക്കാര്‍ തങ്ങള്‍ക്ക് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇവിടെ ദലിതര്‍.
നേരത്തെ ഹിന്ദു ഐക്യവേദി എന്ന പേരില്‍ ഹിന്ദുമത വിശ്വാസികളെയെല്ലാം ഒരുമിപ്പിച്ചു നിര്‍ത്തി ദലിതരെ ഉള്‍പ്പെടുത്തി സംഘടന രൂപീകരിക്കുകയും ഫണ്ട് സ്വരൂപിച്ചു ക്ഷേത്രത്തിനകത്ത് സ്റ്റേജ് നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് സംഭവങ്ങള്‍ മാറിമറഞ്ഞതെന്ന് പ്രക്ഷോഭം നടത്തുന്ന ഭൂഅവകാശമുന്നണി കണ്‍വീനര്‍ എം.പി അയ്യപ്പന്‍കുട്ടി പറഞ്ഞു.
പുലയരും പറയരും ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ദേവിക്ക് തീണ്ടലുണ്ടാകുമെന്ന കാരണം പറഞ്ഞാണ് ദലിതരെ അകറ്റിയതത്രെ. ദലിതര്‍ ക്ഷേത്രത്തിനകത്തു കയറാതിരിക്കാന്‍ ക്ഷേത്രത്തിനടുത്തുള്ള സര്‍ക്കാരിന്റെ ഒരേക്കറോളം വരുന്ന സ്ഥലം കൈയേറി ചുറ്റുമതില്‍ നിര്‍മിക്കുകയും ഇവിടെ ദലിതര്‍ പൂജ നടത്തിയിരുന്ന സ്ഥലത്ത് കൊച്ചമ്പലം നിര്‍മിച്ച് അവരെ അകറ്റുകയും ചെയ്തു.
1967ലാണ് ദലിതര്‍ക്കു സാംസ്‌കാരികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇവിടെ ഒരേക്കര്‍ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ സ്ഥലം റവന്യൂ അധികാരികളെ സ്വാധീനിച്ച് നിയമവിരുദ്ധമായി എന്‍.എസ്.എസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് എം.പി അയ്യപ്പന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ സ്ഥലത്ത് ദേശവിളക്ക് സ്ഥാപിക്കാന്‍ ദലിതര്‍ ശ്രമിച്ചതോടെയാണു ദേവീകോപം പറഞ്ഞ് വിലക്ക് ഏര്‍പ്പെടുത്തിതുടങ്ങിയത്. പ്രശ്‌നം രൂക്ഷമായതോടെ കഴിഞ്ഞ 35 ദിവസമായി പ്രദേശത്തെ ദലിതര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിനു സമീപത്തെ സര്‍ക്കാരിന്റെ ഒഴിഞ്ഞ സ്ഥലത്ത് മതില്‍ നിര്‍മിക്കാനുള്ള നീക്കം തടഞ്ഞ 15 സ്ത്രീകളെയും 14 പുരുഷന്മാരെയുംപൊലിസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ഐക്കരനാട് പഞ്ചായത്ത് ഉപരോധിച്ചു. എന്നിട്ടും പ്രശ്‌നത്തിനു പരിഹാരമായില്ല.
മതില്‍കെട്ടുന്നത് ആരംഭിച്ചത് മുതല്‍ ദലിതര്‍ പന്തല്‍ കെട്ടി സമരം നടത്തിവരികയാണ്. പ്രദേശത്ത് 180 ദലിത് കുടുംബങ്ങളാണ് താമസിക്കുന്നത്. ഹിന്ദുഐക്യം പറഞ്ഞെത്തിയവര്‍ ഇപ്പോള്‍ ഉത്തരേന്ത്യയിലെന്നപോലെ ദലിതരെ പടിക്കെട്ടിനുപുറത്തുനിര്‍ത്തിയിരിക്കുകയാണെന്നും ഭൂഅവകാശമുന്നണി കണ്‍വീനര്‍ എം.പി അയ്യപ്പന്‍കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി എല്ലാവര്‍ക്കും കൂടിയുള്ളതാണെന്നു കാണിച്ചു നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇവിടുത്തുകാര്‍. മാത്രമല്ല, സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 14ന് ദലിത് സാംസ്‌കാരികസമ്മേളനവും പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ ദലിതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."