കേരളാ പൊലിസേ... ഞങ്ങള്‍ ലജ്ജിക്കുന്നു
മനുഷ്യന്‍ ചിലപ്പോള്‍ മൃഗതുല്യരാകാറുണ്ടെന്നു പറയപ്പെടാറുണ്ട്. മനുഷ്യമൃഗങ്ങളെന്നാണ് ഇത്തരത്തിലുള്ളവരെ വിശേഷിപ്പിക്കുന്നത്. ഏറ്റവുമടുത്ത് ഈ നീചനാമം ചാര്‍ത്തപ്പെട്ടിരിക്കുന്നതു കേരളത്തിന്റെ കാവല്‍പ്പടയാകേണ്ട പൊലിസിനാണ്. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന കാടത്തമാണു പൊലിസ് കാഴ്ചവച്ചിരിക്കുന്നത്.
സ്വന്തം മകന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു തലസ്ഥാന നഗരിയിലെ ഡി.ഐ.ജി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്താനെത്തിയ മാതാവിന്റെ രോദനത്തെ കാക്കിപ്പടക്കുള്ളിലെ കഠിനഹൃദയര്‍ അധികാരത്തിന്റെ ബൂട്ടിട്ടു ചവിട്ടിയരച്ച അതിക്രൂരമായ കാഴ്ചയാണു നാം കണ്ടത്. മാതൃത്വത്തെ നടുറോട്ടില്‍ വലിച്ചിഴച്ചപ്പോള്‍ ദൈവത്തിന്റെ സ്വന്തംനാട്ടിലെ സാംസ്‌കാരികമൂല്യങ്ങള്‍ക്കാണ് അപചയം സംഭവിച്ചത്.
പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംഭവിച്ചു മൂന്നുമാസമായിട്ടും നടപടിയൊന്നുമില്ലാതെ വന്നപ്പോഴാണു ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും സഹപാഠികളുമടങ്ങുന്ന 16 അംഗസംഘം ഡി.ഐ.ജി ഓഫിസിനു മുന്നിലേയ്ക്കു സമരത്തിനെത്തിയത്.
മനുഷ്യത്വം അല്‍പ്പമെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പൊലിസ് ഇത്തരമൊരു നീചവൃത്തി ചെയ്യില്ലായിരുന്നു. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം നിഷ്ഠൂരപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നു നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.
സാംസ്‌കാരിക കേരളത്തിനുതന്നെ അപമാനകരമായ ഈ പ്രവൃത്തി നടത്തിയ കേരളാപൊലിസേ.., നിങ്ങളുടെ ഈ നീചവൃത്തിക്കുമുന്നില്‍ ഞങ്ങള്‍ കേരളീയര്‍ ലജ്ജിച്ചു തല താഴ്ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."