ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം മുതല്‍; വര്‍ഷത്തില്‍ 60 മില്യണ്‍ യാത്രക്കാര്‍ ലക്ഷ്യം
മക്ക: പുണ്യനഗരികളായ മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വfസ് ഈ വര്‍ഷം മുതല്‍ ഹാജിമാരെയും വഹിച്ച് യാത്ര ആരംഭിക്കും. മക്ക - മദീന നഗരികള്‍ക്കിടയില്‍ ഗതാഗത സൗകര്യത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് ഈ വര്‍ഷം തന്നെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാനാകുമെന്ന് ഹറമൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഫിദ പറഞ്ഞു.
എന്നാല്‍ എന്ന് മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അല്‍ ജസീറ അറബിക് ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യേഷ്യയിലെ തന്നെ വലിയ റയില്‍ പദ്ധതികളിലൊന്നാണ് ഹറമൈന്‍ റയില്‍വേ.
മക്ക മദീന നഗരികള്‍ക്കിടയിലെ റോഡുകളിലെ തിരക്ക് വളരെ ചുരുക്കാനും അതുവഴി അപകടങ്ങള്‍ തടയാനും അതിലുപരി ഹജ്ജ്, ഉംറ, മദീന സിയാറകള്‍ക്കെത്തുന്ന തീര്‍ഥാടകരുടെ യാത്ര വളരെ സുഖകരമാക്കാനും സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്നതാണ് ഹറമൈന്‍ റെയില്‍ പദ്ധതി. ആഗമന, പുറപ്പെടല്‍ ലോഞ്ചുകള്‍, കാത്തിരിപ്പു കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, റസ്റ്റോറന്റകള്‍, കഫെ , കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, വിഐപി ലോഞ്ചുകള്‍, 1000 പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന പ്രാര്‍ഥനാ ഹാളുകള്‍, ഹെലിപാഡ്, സിവില്‍ ഡിഫന്‍സ് കേന്ദ്രം എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും ഓരോ സ്റ്റേഷനുകളും.
മക്കയില്‍ ഹറം പള്ളിയില്‍നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ റുസൈഫയിലും മദീനയില്‍ പ്രവാചക പള്ളിയുമായി അടുത്തു നില്‍ക്കുന്ന കിംഗ് അബ്ദുല്‍ അസീസ് റോഡിലെ നോളജ് സിറ്റിയിലും ജിദ്ദ, റാബിഗ് ഇക്കണോമിക്‌സ് സിറ്റി, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് സ്റ്റേഷനുകള്‍ ഉള്ളത്.
450 കിലോമീറ്റര്‍ ദൂരത്തിലുള്ള ഇലക്ട്രിക് സംവിധാനത്തിലൂടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍ മക്കയില്‍ നിന്നും മദീനയിലേക്ക് വെറും 2 മണിക്കൂര്‍ 15 മിനിറ്റാണ് ആവശ്യമായി വരുന്നത്. നിലവില്‍ അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെയാണ് യാത്രാ സമയം.
പ്രധാന സ്റ്റേഷനായ ജിദ്ദയില്‍ മാത്രം മണിക്കൂറില്‍ 25000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന പദ്ധതിയില്‍ വര്‍ഷത്തില്‍ അറുപത് മില്യണ്‍ യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. 35 ഹൈ സ്പീഡ് ട്രൈയിന്‍ വഴി ഒരേ സമയം 417 യാത്രക്കാരെയും രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടി ചേര്‍ക്കുന്ന വേളയില്‍ ഇത് 834 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കിനനുസൃതമായിട്ടായിരിക്കും ട്രെയിനുകളുടെ ക്രമീകരണങ്ങള്‍. കൊമേഴ്‌സ്യല്‍ യാത്രക്ക് മുന്നോടിയായി വെബ്‌സൈറ്റ് തുറക്കമെന്നും മൊബൈല്‍ ആപ്, ഓട്ടോമാറ്റിക് ടിക്കറ്റ് വിപണന കേന്ദ്രങ്ങള്‍, റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയും പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു പുണ്യ നഗരികള്‍ക്കിടയില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര സാധ്യമാകുമെന്നും എക്‌സിക്യുട്ടീവ്, ഇക്കോണമി ക്ലാസുകള്‍ ലഭ്യമാകുമെന്നും ഹറമൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഫിദ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."