സഊദിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള അഞ്ചു ദിവസത്തെ സമ്പൂർണ്ണ കർഫ്യു നാളെ മുതൽ, പെർമിറ്റ് നേടാതെ പുറത്തിറങ്ങിയാൽ വൻ പിഴ, അവശ്യ വസ്‌തുക്കൾ കരുതി വെക്കണം
റിയാദ്: സഊദിയിൽ രാജ വ്യാപകമായി ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ നാളെ ആരംഭിക്കും. കൊവിഡ് വൈറസ് വ്യാപനം കൂടുതലാകുന്ന സാഹചര്യത്തിൽ പെരുന്നാൾ അവധി ദിനത്തിൽ കൂടിച്ചേരലുകൾ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് അഞ്ചു ദിവസത്തേക്ക് രാജ്യവ്യാപകമായി സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ അധികൃതരെ പ്രേരിപ്പിച്ചത്. സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുന്നതോടെ കുടുംബ സമ്പർക്കങ്ങളടക്കം കൂടിച്ചേരലുകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്നും വൈറസ് വ്യാപനം തടയാൻ ഇത് ഏറെ ഉപകരിക്കുമെന്നുമാണ് അധികൃതർ കരുതുന്നത്.
അതേസമയം, കർശന ഉപാധികളോടെ ഏതാനും അത്യാവശ്യ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, പ്രത്യേക പാസ് കരസ്ഥമാക്കിയിട്ടാവണം അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടത്. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസുകളും ഓണ്‍ലൈനില്‍ പുതുക്കണമെന്നും നഗരഗ്രാമ മന്ത്രാലയം അതിന്റെ കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഉപയോഗിച്ച് വരുന്ന പാസുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വ്യക്തികള്‍ക്ക് കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
വ്യക്തികൾ ഇത്തരം പാസുകൾ ഉപയോഗിച്ചായിരിക്കണം അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടത്. അതേസമയം ആപ്ലിക്കേഷൻ രജിസ്‌റ്റർ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ സേവനങ്ങൾ നൽകുന്ന ഓൺലൈൻ സംവിധാനമായ അബഷിറിൽ രജിട്രേഷൻ ഉണ്ടായിരിക്കണം.
അതേസമയം, തുറന്നു പ്രവർത്തിക്കാൻ അനുവാദമുള്ള സ്ഥാപനങ്ങൾ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണമെന്നും ലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ പ്രവാസികളെ സഊദിയിലേക്കുള്ള വിലക്കോടെ നാടു കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്കുള്ളിൽ നിശ്ചിത പരിധിയെക്കാൾ കൂടുതൽ ആളുകൾ അകത്തോ പുറത്തോ ഒത്തുകൂടിയാൽ 5,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും സ്ഥാപനം അടച്ചു പൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.
അഞ്ചു ദിവസത്തെ നീണ്ട സമ്പൂർണ്ണ കർഫ്യു ആണെന്നതിനാൽ പ്രവാസികൾ അത്യാവശ്യ സാധനങ്ങൾ കരുതി വെച്ചാൽ ഏറെ ഗുണം ചെയ്യും. അല്ലാത്ത പക്ഷം പുറത്തിറങ്ങുന്നതിന് അനുമതി ലഭിക്കാതിരിക്കുകയോ മറ്റു പ്രശ്‌നങ്ങളോ നേരിടേണ്ടി വന്നാൽ പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാൻ അത്യാവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവ കരുതി വെക്കുന്നതായിരിക്കും പ്രവാസികൾക്ക് ഏറെ ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."