ശശി തരൂരിന്റെ ബന്ധുക്കളെ 'സ്വീകരിച്ച്' വെട്ടിലായി ബി.ജെ.പി
കൊച്ചി: പ്രമുഖരെ പാര്‍ട്ടിയിലേക്കു സ്വീകരിക്കാന്‍ നടത്തിയ ബി.ജെ.പി പരിപാടി പൊളിഞ്ഞു. ഇന്നലെ കൊച്ചിയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ അംഗത്വ വിതരണമാണ് പൊളിഞ്ഞത്.
ശശി തരൂര്‍ എം.പിയുടെ ബന്ധുക്കളടക്കം 14 പേര്‍ ബി.ജെ.പിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി തരൂരിന്റെ ബന്ധുക്കളുടെ പ്രതികരണത്തോടെ പൊളിഞ്ഞതോടെ ബി.ജെ.പി പ്രതിരോധത്തിലായി. ശശി തരൂരിന്റെ ചെറിയമ്മ ഒറ്റപ്പാലം സ്വദേശി ശോഭന ശശികുമാര്‍, അവരുടെ ഭര്‍ത്താവ് എം. ശശികുമാര്‍ എന്നിവരടക്കം വിവിധ പ്രമുഖര്‍ക്ക് അംഗത്വം നല്‍കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. അറിയിച്ചപോലെ ശ്രീധരന്‍ പിള്ള ഷാള്‍ അണിയിച്ച് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയും അംഗത്വവിതരണം ചെയ്യുകയും ചെയ്തു.
എന്നാല്‍ ചടങ്ങിനു ശേഷം പുറത്ത് മാധ്യമങ്ങളോട് തരൂരിന്റെ ചെറിയമ്മയും ചെറിയച്ഛനും നടത്തിയ പ്രതികരണം നേതൃത്വത്തിന്റെ തന്ത്രം തകര്‍ത്തു. തങ്ങള്‍ പണ്ടേ ബി.ജെ.പി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോടു തന്നെ ചോദിക്കണമെന്നും അവര്‍ പ്രതികരിച്ചു. ഇതോടെ പ്രതിരോധത്തിലായ നേതാക്കള്‍ അവരെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് തടഞ്ഞു.
തുടര്‍ന്ന് തരൂരിന്റെ ബന്ധുക്കളുടെ പ്രതികരണം സംബന്ധിച്ച് ഒരു ആശയക്കുഴപ്പവുമില്ലെന്നും അംഗത്വ വിതരണം മാത്രമേ ബി.ജെ.പി ഉദ്ദേശിച്ചിരിന്നുള്ളു എന്നും നേതൃത്വം പ്രതികരിച്ചു.
അതേസമയം ശോഭനയെയും ഭര്‍ത്താവിനെയും പാര്‍ട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ച് ചടങ്ങിന് എത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതോടെ ടോം വടക്കനു പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കളെയും തങ്ങളുടെ കാംപിലെത്തിച്ച് കോണ്‍ഗ്രസിനെ ഞെട്ടിക്കാമെന്ന ബി.ജെ.പി തന്ത്രം പൊളിയുകയായിരുന്നു.
തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി
ബി.ജെ.പിക്കു വോട്ട്
ചെയ്യുന്നവര്‍: ശശി തരൂര്‍
തിരുവനന്തപുരം: തന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന പി.എസ് ശ്രീധരന്‍ പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്. സി.പി.എം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തെറ്റു ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഈ ചടങ്ങിന്റെ ആവശ്യമെന്തെന്ന് ശ്രീധരന്‍ പിള്ളയോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."