'തണ്ടര്‍'മുറെ
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക്. കനേഡിയന്‍ താരം മിലോസ് റാവോനികിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 7-6, 7-6. മുറെയുടെ കരിയറിലെ രണ്ടാം വിംബിള്‍ഡണ്‍ കിരീടവും മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. ഫ്രെഡ് പെറിക്ക് ശേഷം ഒന്നിലധികം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് മുറെ.
നിരന്തരം ഫൈനലുകളില്‍ തോല്‍ക്കുന്നതിന്റെ ചരിത്രവുമായിട്ടാണ് മുറെ റാവോനികിനെതിരേ കളത്തിലിറങ്ങിയത്. എയ്‌സുകള്‍ക്ക് പേരുകേട്ട താരം കൂടിയായ റാവോനിക് മുറെയ്‌ക്കെതിരേ അട്ടിമറി ജയം നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത മുറെ എതിരാളിയെ പിഴവുകളില്‍ ചാടിച്ചാണ് മത്സരം സ്വന്തമാക്കിയത്. 2013ല്‍ തന്റെ കന്നികിരീടം സ്വന്തമാക്കിയ മുറെയ്ക്ക് റാവോനികിനേക്കാള്‍ ഫൈനലില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ടായിരുന്നു. താരത്തിന്റെ 11ാമത് ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്.
ആദ്യ സെറ്റില്‍ റാവോനികിന്റെ എയ്‌സുകളെ സമര്‍ഥമായി നേരിട്ട മുറെ മികച്ച റിട്ടേണുകളാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 3-3 എന്ന നിലയിലെത്തിച്ച റാവോനികിനെതിരേ തൊട്ടടുത്ത നിമിഷം തന്നെ ലീഡെടുക്കാന്‍ മുറെയ്ക്കായി. പിന്നീട് ആധിപത്യം തുടര്‍ന്ന മുറെ ആദ്യ സെറ്റ് പ്രയാസമില്ലാതെ സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ റാവോനിക് മുറെയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ വേഗമേറിയ നീക്കങ്ങള്‍ കൊണ്ട് ഇതിനെ മറികടക്കാനാണ് മുറെ ശ്രമിച്ചത്. ഇതിനിടയില്‍ മുറെ വരുത്തിയ പിഴവുകള്‍ റാവോനികിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ തുല്യതയിലെത്തിക്കാന്‍ റാവോനികിന് സാധിച്ചെങ്കിലും അനാവശ്യ പിഴവുകള്‍ ഇത്തവണയും സെറ്റ് നഷ്ടപ്പെടുത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ റാവോനിക് പോരാട്ടം കനപ്പിച്ചു.
ഇത്തവണ താരം സെറ്റ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും സമ്മര്‍ദത്തടിപെടാതെ കളിച്ച മുറെ അവസാന നിമിഷം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. ഇടയ്ക്ക് തുടരെ രണ്ടു ബ്രേക്ക് പോയിന്റുകള്‍ സ്വന്തമാക്കിയെങ്കിലും മുറെയെ പ്രതിരോധത്തിലേക്ക് തള്ളിവിടാന്‍ റാവോനികിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."