HOME
DETAILS
MAL
കുടുംബജീവിതം; സിദ്ദീഖിന്റെ മാതൃക
backup
May 23 2020 | 02:05 AM
ഇഹലോകത്തിരുന്ന് പരലോകം പണിതുയര്‍ത്തുന്ന മനുഷ്യന് കുടുംബത്തോളം വലുതല്ല ഒരു സാമൂഹിക സൗധവും. മറ്റൊരു വിധം പറഞ്ഞാല്‍ കുടുംബം പകരുന്ന അതിരുകളില്ലാത്ത അവസരവും അസാമാന്യമായ സാധ്യതയും ജീവിത ദൗത്യ നിര്‍വഹണ വഴിയില്‍ മറ്റൊന്നും നല്‍കുന്നില്ലതന്നെ. ഇവിടെയാണ് രണ്ടാം ഖലീഫ അബൂബക്കര്‍(റ) ഉത്തമ മാതൃകയാവുന്നത്. ഈ ഉമ്മത്തില്‍ നബി കഴിഞ്ഞാല്‍ ഒന്നാം സ്ഥാനം ഇരു ലോകത്തും പങ്കു വയ്ക്കുന്നത് അബൂബക്കര്‍(റ) ആണ്. വിശ്വാസത്തിലും സല്‍കര്‍മത്തിലും ഇനി സ്വര്‍ഗപ്രവേശത്തിലും അവര്‍ക്ക് ശേഷമെ മറ്റാരും വരുന്നുള്ളൂ. തിരുനബി (സ) അരുളി ' ഉത്തമ കാര്യങ്ങള്‍ 360 എണ്ണമാണ്'. ഉടനെ അബൂബക്കര്‍(റ) ചോദിച്ചു 'ദൈവദൂതരേ അതില്‍ എത്ര എണ്ണമാണ് എന്നിലുള്ളത്?'. നബി (സ) മറുപടി പറഞ്ഞു: അഭിനന്ദങ്ങള്‍ അബൂബക്കര്‍, അത് മുഴുവനും നിങ്ങളിലുണ്ട്.
മാതാപിതാക്കള്‍ അബൂഖുഹാഫയും ഉമ്മുല്‍ ഖൈറും നാലു ഭാര്യമാരും ആറു മക്കളുമടങ്ങുന്നതാണ് അബൂബക്കര്‍(റ)ന്റെ കുടുംബം. ഇസ്‌ലാമിനു മുന്‍പ് ഖുതൈല, ഉമ്മുറുമാന്‍ എന്നിവരെ ജീവിത സഖികളാക്കി. ആദ്യ ഭാര്യയില്‍ നിന്ന് അബ്ദുല്ല, അസ്മാ എന്നിവരും രണ്ടാം ഭാര്യയില്‍ നിന്ന് അബ്ദുറഹ്മാന്‍, ആഇശാ എന്നീ സന്താനങ്ങളും പിറന്നു. ഇസ്‌ലാമിനു ശേഷം അസ്മാ ബിന്‍തു ഉമൈസ്, ഹബീബ ബിന്‍ത് ഖാരിജ എന്നിവരേയും വിവാഹം ചെയ്തു. മുഹമ്മദ്, ഉമ്മു കുല്‍സൂം എന്നീ സന്തതികള്‍ യഥാക്രമം ഈ മഹതികള്‍ക്കുണ്ടായതാണ്. മാതാപിതാക്കളും മക്കളും പേരമക്കളും നബിയെ കാണുകയും വിശ്വാസികളാകുകയും ചെയ്തത് അബൂബക്കര്‍(റ)ന്റെ കുടുംബം മാത്രമാണെന്ന ചരിത്രം നമ്മെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്.
മക്കയില്‍ തന്റെ വിശ്വസ്ത കൂട്ടുകാരന്‍ പ്രബോധനം തുടങ്ങിയപ്പോള്‍ അതുള്‍കൊള്ളാന്‍ ഒരു നിമിഷം പോലും വേണ്ടിവന്നില്ല അബൂബക്കര്‍ തങ്ങള്‍ക്ക്. അതിനാല്‍ തന്നെ പ്രഥമവിശ്വാസി പട്ടത്തോടൊപ്പം സിദ്ദീഖെന്ന സ്ഥാനപ്പേരും പുണ്ണ്യ നബി ചാര്‍ത്തിക്കൊടുത്തു. വിശ്വാസത്തിന്റെ വെളിച്ചം വിരുന്നെത്തിയ ദിനം സന്തോഷത്തിന്റെ അനുരണനങ്ങള്‍ അടക്കിപ്പിടിച്ച് അബൂബക്കര്‍(റ) വീട്ടിലെത്തിയപ്പോള്‍ ഉമ്മുറുമാന്‍ കാര്യങ്ങള്‍ തിരക്കി. അബൂബക്കര്‍(റ) പറഞ്ഞു 'ഉമ്മു റുമാന്‍, രണ്ട് വീടിന്റെയും നന്മ എനിക്ക് ലഭിച്ചിരിക്കുന്നു. എന്റെ ആത്മമിത്രത്തിന് ദിവ്വ്യബോധനം വന്നെത്തി. വിശുദ്ധ ദീനുമായി അദ്ധേഹം മക്കയില്‍ ഉദയം ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്നൊരു വിശ്വാസിയായി തീര്‍ന്നിരിക്കുന്നു'. വാക്കുകള്‍ക്കൊപ്പമെത്താന്‍ വെമ്പുന്ന ആനന്ദവും ആശ്ചര്യവും കണ്ട ആവേശം പൂണ്ട ഉമ്മു റുമാന്‍ തെല്ലും മടിച്ചില്ല. അബ്ദുറഹ്മാന്‍ ഒഴികെയുള്ള സന്താനങ്ങളും നബിയില്‍ വിശ്വസിച്ചു. അല്‍പകാലങ്ങള്‍ ശേഷമാണെങ്കിലും അബ്ദുറഹ്മാനും ദീനില്‍ ചേര്‍ന്നു. പിതാവിന്റെ തപോശ്ക്തിയുടെ കാന്തികവലയങ്ങളിലേക്ക് ആ കുടുംബം സ്വയം ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഉത്തമമാതൃകയായി പിതാവ് മുമ്പില്‍ നില്‍ക്കുന്നുവെങ്കില്‍ ആ കുടുംബത്തിന്റെ ജീവിതവിതാനങ്ങള്‍ എങ്ങനെയാണ് പാളിപ്പോകുക.
ഒരു വേള നബിക്ക് സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോള്‍ വീട്ടിലുള്ളതെല്ലാം അബൂബക്കര്‍(റ) കൊണ്ടുപോയി നല്‍കി. വീട്ടില്‍ ഒന്നും ബാക്കി വെച്ചില്ലേ എന്ന് അന്ധനായ അബൂഖുഹാഫ ചോദിച്ചപ്പോള്‍ മറുപടി നല്‍കിയത് അസ്മ(റ) ആണ്. ഒരു കലത്തില്‍ ചിരക്കല്ലുകള്‍ നിറച്ചു കുലുക്കി കേള്‍പിച്ചു കൊടുത്തപ്പോള്‍ അബൂഖുഹാഫയ്ക്ക് സമാധാനമായി. അല്‍ബിദായയില്‍ വായിക്കാനാവുന്ന ഈ സംഭവത്തില്‍ നിന്നും ഏതു ത്യാഗത്തിലും തന്റെ കുടുംബം പകര്‍ന്ന സഹസാനിധ്യം ആശ്ചര്യപ്പെടുത്തുന്നതാണ്.
ധര്‍മശേഖരവുമായി മുന്‍പില്‍ വന്ന് നില്‍ക്കുന്ന അബൂബക്കര്‍(റ)നോട് നബി ചോദിച്ചു. 'വീട്ടുകാര്‍ക്ക് വേണ്ടി എന്താണ് ബാക്കി വച്ചത്?'. അവര്‍ക്ക് അല്ലാഹുവും റസൂലുമുണ്ടെന്നായിരുന്നു മറുപടി. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ചരിത്രം പോലും പകച്ചുപോയി. ഒരു പിതാവ് തന്റെ കുടുംബത്തിന് നല്‍കേണ്ട കരുതല്‍ ധനം ഈമാനും തഖ്‌വയുമായിരിക്കണമെന്ന് സിദ്ദീഖ് (റ) നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ തന്റെ സന്തതികളെല്ലാം പിതാവിന്റെ സാരാംശങ്ങളാണെന്ന് പില്‍കാലം സാക്ഷ്യപ്പെടുത്തി. ഭക്തികൊണ്ടും അറിവ് കൊണ്ടും അവര്‍ തലമുറകള്‍ക്ക് സിദ്ദീഖുമാരായി നിലകൊണ്ടു. ഇന്ന് കുടുംബത്തിന് നമ്മള്‍ വേണ്ടതെല്ലാം കൊടുക്കുമ്പോഴും കൂട്ടത്തില്‍ ഈമാനും തഖ്വ്‌വയുും കിട്ടാകനിയായിത്തീരുന്നു. അല്ലെങ്കില്‍ കൊടുക്കാന്‍ സാധനം മതിയാവാതെ വരുന്നു.
നന്മയ്ക്കും സത്കര്‍മങ്ങള്‍ക്കും വേണ്ടി ഏതൊരു കടുംബവും സ്വയം സമര്‍പ്പിതമാവണമെന്ന പാഠമാണ് ഇതിലൂടെ അവര്‍ നമ്മെപഠിപ്പിക്കുന്നത്. കുടുംബനാഥന്‍ ഈ ത്യാഗങ്ങള്‍ക്ക് നേതൃസ്ഥാനം വഹിച്ചിരിക്കണം.
അവാച്യമായ ഈ ജീവിതാനുഭൂതികള്‍ ഏതൊരു കുടുംബത്തിനും മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."