ക്ഷീരവിപ്ലവം: കര്‍മ്മചന്ദ്രന്റെ ഒറ്റയാള്‍ പോരാട്ടം രചിച്ചത് പാല്‍മണമുള്ള വിജയഗാഥ
കാട്ടാക്കട: കാരോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിളപ്പില്‍ശാല മുളയറ ദിവാകര വിലാസത്തില്‍ കര്‍മ്മചന്ദ്രന്‍ രചിച്ചുനല്‍കിയത് പാല്‍മണമുള്ള വിജയഗാഥ.
പശുക്കളെ സ്വന്തം മക്കളെപോലെ സ്‌നേഹിക്കുന്ന ഈ ക്ഷീരകര്‍ഷകന് അവയുടെ ചെറു ചലനങ്ങള്‍ പോലും എന്തിനുവേണ്ടിയെന്ന് തിരിച്ചറിയാന്‍ ഒരു ജന്തുരോഗ വിദഗ്ധന്റെയും സഹായം വേണ്ട. അത് നാലു പതിറ്റാണ്ടുകളായി പശുക്കളെ പരിപാലിച്ചു നേടിയ അറിവാണ്.
2006 ലാണ് ഡി.കര്‍മ്മചന്ദ്രന്‍ കാരോട് ക്ഷീരസംഘം ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്വന്തമായി ഇരുപതോളം സങ്കരയിനം പശുക്കളെ പരിപാലിക്കുന്ന കര്‍മ്മചന്ദ്രന്‍ സംഘത്തില്‍ ഒരു ഗോശാല വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സംഘത്തിലെ മറ്റ് പ്രതിനിധികള്‍ ആരും കര്‍മ്മചന്ദ്രന്റെ നിര്‍ദേശം അംഗീകരിച്ചില്ല. പശു വളര്‍ത്തല്‍ മൂലമുണ്ടാകുന്ന ദുരിതവും കഷ്ടപ്പാടുകളും പറഞ്ഞ് പിന്തിരിപ്പിക്കാനായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. സംഘം ആരംഭിക്കുന്ന ഡയറി ഫാമിന്റെ ഉത്തരവാദിത്വം കര്‍മ്മചന്ദ്രനു മാത്രമായിരിക്കും. നഷ്ടമുണ്ടായല്‍ ആ ബാധ്യത സംഘം ഏറ്റെടുക്കില്ല. ഒന്‍പതംഗ ഭരണസമിതിയില്‍ അന്നത്തെ പ്രസിഡന്റ് അവതരിപ്പിച്ച ഉപാധികള്‍ കേട്ട് കര്‍മ്മചന്ദ്രനൊഴികെ എല്ലാപേരും പൊട്ടിച്ചിരിച്ചു. എന്നാല്‍ കര്‍മ്മചന്ദ്രന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അഞ്ച് സങ്കരയിനം പശുക്കളെ വാങ്ങി കര്‍മ്മചന്ദ്രന്‍ 2008 ല്‍ കാരോട് ക്ഷീരസംഘത്തില്‍ നന്ദിനി ഡയറി ഫാം ആരംഭിച്ചു. ആറുമാസങ്ങള്‍ക്ക് ശേഷം അഞ്ചെണ്ണം കൂടി വാങ്ങി പത്ത് പശുക്കളുള്ള ഫാമാക്കി ഉയര്‍ത്തി. അത്ഭുതപൂര്‍വമായിരുന്നു പിന്നീടങ്ങോട്ട് നന്ദിനി ഫാമിന്റെ വളര്‍ച്ച. അതുവരെ 1000 ലിറ്റര്‍ പാല്‍ വിറ്റഴിച്ചിരുന്ന സംഘം ചുരുങ്ങിയ നാളുകള്‍ കൊണ്ട് വില്‍പ്പന ഇരട്ടിയിലെത്തിച്ചു. പരിഹസിച്ചവര്‍ പത്തിമടക്കി. സംഘത്തിന്റെ വാര്‍ഷിക കണക്കെടുപ്പുകളില്‍ നന്ദിനി ഡയറിഫാം ലാഭത്തിന്റെ പട്ടികയില്‍ മാത്രം ഇടംകണ്ടു.
2011 ലെ സംഘം തെരഞ്ഞെടുപ്പില്‍ ഒന്‍പതംഗ ഭരണസമിതിയില്‍ കര്‍മ്മചന്ദ്രന്‍ നേതൃത്വം നല്‍കിയ പാനലിലെ ഒന്‍പതുപേരും വിജയിച്ചു. കാരോട് ക്ഷീരസംഘം പ്രസിഡന്റായി കര്‍മ്മചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം നന്ദിനി ഫാമില്‍ പശുക്കളുടെ എണ്ണം മുപ്പതായി ഉയര്‍ത്തി. എല്ലം 60000 മുതല്‍ 85000 രൂപവരെ വിലയുള്ള ഹോസ്റ്റ്യന്‍ ഫ്രീഷന്‍ വര്‍ഗത്തില്‍ പെടുന്ന സങ്കരയിനം പശുക്കള്‍. പ്രതിദിനം 35 ലിറ്ററിലേറെ പാല്‍ ചുരത്തുന്ന പശുക്കള്‍ സംഘത്തിന്റെ മുഖ്യ വരുമാന ശ്രോതസായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ആയിരം ലിറ്ററിന്റെ കടമ്പ കടന്ന് കാരോടിന്റെ ക്ഷീരസമൃദ്ധി അയ്യായിരത്തിലെത്തി. പശുക്കള്‍ക്ക് തീറ്റയ്ക്കായി സംഘം വക ഒരേക്കറില്‍ പച്ചപ്പുല്‍ കൃഷി, ആധുനിക സംവിധാനങ്ങളുള്ള തൊഴുത്ത്, കറവ യന്ത്രങ്ങള്‍, പരിചരിക്കാന്‍ ജീവനക്കാര്‍ തുടങ്ങി നന്ദിനി ഡയറി ഫാം ജില്ലയിലെ ക്ഷീരസംഘങ്ങള്‍ നടത്തുന്ന ഗോശാലകളില്‍ നമ്പര്‍ വണ്ണായി. ഫാമില്‍ പിറക്കുന്ന കന്നുകളെ മുന്‍പ് ലേലം ചെയ്ത് വില്‍ക്കുകയായിരുന്നു പതിവ്.
എന്നാല്‍ ഈ വര്‍ഷം മുതല്‍ സംഘാംഗങ്ങളുടെ പേരുകള്‍ നറുക്കിട്ട് നറുക്ക് വീഴുന്നയാള്‍ക്ക് ഇവയെ സൗജന്യമായി നല്‍കും. ഒരുപക്ഷേ ഇത് സംസ്ഥാനത്തെ ആദ്യ മാതൃകയായിരിക്കും. കര്‍മ്മചന്ദ്രനിലെ കര്‍ഷകനെയും സംഘ നന്മയ്ക്കായി ജീവിതം മാറ്റിവച്ച സഹകാരിയെയും കൈയ്യൊഴിയാന്‍ കാരോടിലെ ക്ഷീരകര്‍ഷകര്‍ ഒരുക്കമല്ലായിരുന്നു. കര്‍മ്മചന്ദ്രന്‍ നേതൃത്വം നല്‍കിയ പാനലിന് അനുകൂലമായി വിധിയെഴുതി. വീണ്ടും കര്‍മ്മചന്ദ്രന്‍ കാരോട് ക്ഷീരസംഘം പ്രസിഡന്റായി. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച ഗ്രാമമായി കാരോടിനെ മാറ്റിയെടുത്ത ആര്‍ജവത്തോടെ. വീണ്ടുമൊരു ക്ഷീര വിപ്ലവത്തിന് നാടിനെ സജ്ജമാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."