ഇതാ ഒരു തൊഴിലവസരം ആകര്‍ഷകം, അത്യാകര്‍ഷകം
കഴിഞ്ഞദിവസം രസകരമായ ഒരു തൊഴിലവസര വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൊന്നില്‍ വായിക്കാനിടയായി.
543 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്ന അറിയിപ്പാണ്.
ആകര്‍ഷകമായ എന്നു പറഞ്ഞാല്‍ പോരാ, അത്യാകര്‍ഷകമായ ശമ്പളവും മറ്റ് അലവന്‍സുകളുമുള്ളതാണു തൊഴില്‍.
പ്രതിമാസ ശമ്പളം 1.9 ലക്ഷം രൂപ. ഓഫീസിലെത്തിയാലുമില്ലെങ്കിലും അതു ലഭിക്കും.
പണിസ്ഥലത്തെത്തുന്ന ഓരോ ദിവസത്തിനും രണ്ടായിരം രൂപ വച്ചു വേറെയും ലഭിക്കും.
സൗകര്യങ്ങളേറെയുള്ള താമസസൗകര്യം സൗജന്യമാണ്. തൊഴില്‍ സ്ഥലത്ത്, തുച്ഛസംഖ്യയ്ക്കു വൃത്തിയും വെടിപ്പുമുള്ള ശാപ്പാടും ചായയും കടികളും തരമാകും.
നാട്ടിലുള്ളവരെയും നാട്ടിലില്ലാത്തവരെയും ഏഴാംകടലിനക്കരെയുള്ളവരെയുമെല്ലാം രാവെന്നോ പകലെന്നോ ഭേദമില്ലാതെ വിളിക്കാന്‍ മൂന്നു മൊബൈല്‍ ഫോണുകള്‍ തൊഴില്‍ദാതാവ് നല്‍കും. അതിന്റെ വിളിക്കൂലിയെക്കുറിച്ച് ഈ തൊഴില്‍ ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാള്‍ ചിന്തിക്കേണ്ടതേയില്ല. അതെല്ലാം തൊഴില്‍ ദാതാവ് നല്‍കിക്കൊള്ളും.
മഴക്കാലത്തു പോലും പുഴകള്‍ വറ്റിവരണ്ടു കിടക്കുകയാണെന്നോ അതിനാല്‍ വൈദ്യുതി ഉല്‍പാദനം വല്ലാത്ത പ്രതിസന്ധിയിലാണെന്നോ വൈദ്യുതിചാര്‍ജ് വാണം പോലെ കുതിച്ചുയര്‍ന്നിട്ടുണ്ടെന്നോ ഒന്നും ചിന്തിക്കാതെ ലൈറ്റും ഫാനും എ.സിയുമല്ലൊം വേണ്ടത്ര ഉപയോഗിക്കാം. ആരും ഫ്യൂസൂരാന്‍ വരില്ല.
അത്ര തന്നെ ധാരാളിത്തത്തോടെ, കുളിക്കാനോ കുടിക്കാനോ തോട്ടം ന നയ്ക്കാനോ പശുവിനെ കുളിപ്പിക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വെള്ളവും ഉപയോഗിക്കാം. എന്തെന്നാല്‍, 25,000 യൂനിറ്റ് വൈദ്യുതിയും നാലായിരം കിലോലിറ്റര്‍ വെള്ളവും തികച്ചും സൗജന്യമാണ്.
കൊല്ലത്തില്‍ 34 തവണ വിമാനസഞ്ചാരം നടത്താം. അതിനും പൈസ കൊടുക്കേണ്ട. സഹധര്‍മിണിക്കോ സഹായിക്കോ വിമാനയാത്രാ സൗജന്യമുണ്ട്. ട്രെയിനിലാണെങ്കില്‍ മടുക്കുംവരെ യാത്ര ചെയ്യാം. അതും ഫസ്റ്റ് ക്ലാസ് എ.സിയില്‍. 365 ദിവസവും ഇന്ത്യ മുഴുവന്‍ യാത്ര ചെയ്താലും പൈസ താ എന്നു പറഞ്ഞ് ആരും കൊങ്ങയ്ക്കു പിടിക്കില്ല. ടി.ടി വരെ ഒച്ഛാനിച്ചു നില്‍ക്കും.
നല്ല ശമ്പളത്തിനു പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ സഹായിയെ വയ്ക്കാം, ഇഷ്ടമുള്ളയാളെത്തന്നെ. പി.എസ്.സി പരീക്ഷയുടെയും മറ്റും കടമ്പ പേടിക്കാതെ ഇഷ്ടക്കാര്‍ക്കു ലാവണമൊരുക്കാന്‍ കഴിയുമെന്നര്‍ഥം. അവരുടെ ശമ്പളം സ്വന്തം പോക്കറ്റില്‍ നിന്നു പോകുന്നതിനെക്കുറിച്ചു വേവലാതിപ്പെടേണ്ട. അതും തൊഴില്‍ ദാതാവു നല്‍കിക്കൊള്ളും.
ഈ തൊഴിലില്‍ നിയമിക്കപ്പെടുന്ന തൊഴിലാളിക്കോ ഉറ്റബന്ധുക്കള്‍ക്കോ തലവേദന മുതല്‍ മുകളിലേയ്ക്കുള്ള എത്ര കൊടിയ രോഗത്തിനും സൗജന്യചികിത്സ ലഭിക്കും. ആശുപത്രി ഏതു വേണമെന്നു രോഗിക്കും ബന്ധുക്കള്‍ക്കും തീരുമാനിക്കാം.
ഇനി അടുത്തൂണ്‍ പറ്റിയാലോ മിനിമം പെന്‍ഷന്‍ 20,000 രൂപ. ആദ്യത്തെ അഞ്ചുകൊല്ലത്തിനുള്ളിലെ അടുത്തൂണ്‍ പറ്റിയാലാണ് ഈ പെന്‍ഷന്‍. അഞ്ചു കഴിഞ്ഞും ജോലിയില്‍ തുടരാന്‍ ഭാഗ്യം കിട്ടിയാല്‍ ഓരോ വര്‍ഷത്തിനും 1500 രൂപ വച്ചു പെന്‍ഷന്‍ തുക കൂടും. പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞാലും വണ്ടിക്കൂലി മുതല്‍ കുറേ ലാഭം വേറെയുമുണ്ട്.
യോഗ്യതയുള്ളവര്‍ എത്രയും പെട്ടെന്ന് ഈ പണിക്ക് അപേക്ഷിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് സാമൂഹ്യമാധ്യമത്തിലെ തൊഴിലവസര വാര്‍ത്ത അവസാനിക്കുന്നത്.
യോഗ്യതയെന്താണെന്നു കൗതുകപൂര്‍വം നോക്കി.
അതാ, വാര്‍ത്തയിലൊരിടത്തു വ്യക്തമായി പറയുന്നു,
ഒരു യോഗ്യതയും വേണ്ട, ഒരു പ്രവൃത്തിപരിചയവും വേണ്ട, ഉയര്‍ന്ന പ്രായപരിധി പ്രശ്‌നമേയല്ല. കുഴിയിലേയ്ക്കു കാലുനീട്ടിയിരിക്കുന്നവനും അപേക്ഷിക്കാം.
ഇനി കാര്യത്തിലേയ്ക്കു കടക്കാം.
പറയാതെ തന്നെ തൊഴിലെന്താണെന്നു കൊച്ചുകുട്ടികള്‍ക്കുപോലും വ്യക്തമായിട്ടുണ്ടാകുമെന്നുറപ്പ്.
തിയ്യതി കുറിക്കപ്പെട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയാല്‍ കിട്ടാവുന്ന സ്വപ്‌നസമാനമായ തൊഴിലിനെക്കുറിച്ചാണ് ഓര്‍മപ്പെടുത്തിയിരിക്കുന്നത്. വോട്ടവകാശമുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും സമ്മതിദാനാവകാശം വിനിയോഗിച്ചാണ് 543 പേരെയും തങ്ങളുടെ പ്രതിനിധികളെന്ന പേരില്‍ ലോക്‌സഭയിലെത്തിക്കുന്നതെങ്കിലും ആ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനത്തിനും ജയിച്ചു കയറുന്നവനോടുള്ള മനോഭാവമെന്താണെന്നു വെളിപ്പെടുത്തുന്നതാണ് ഈ സോഷ്യല്‍ മീഡിയാ വിമര്‍ശനം. സത്യത്തില്‍, അക്ഷരം പ്രതി ശരിയല്ലേ ഇതിലെ പരിഹാസവാക്കുകള്‍.
മഹാത്മജിയാണു നമ്മുടെ രാഷ്ട്രപിതാവെന്ന് അഭിമാനിക്കുന്നവരാണു നമ്മള്‍. ആ അഭിമാനം രാഷ്ട്രീയക്കാരില്‍ എത്രപേര്‍ക്ക് ആത്മാര്‍ഥമായി ഉണ്ട്. രാഷ്ട്രീയം ജനസേവനമാണെന്ന് ഉറച്ചുവിശ്വസിച്ച, അങ്ങനെ മാത്രം രാഷ്ട്രീയക്കാരനായി ജീവിച്ചയാളായിരുന്നു മഹാത്മാ ഗാന്ധി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം നേടിയെടുക്കാന്‍, വൈദേശികശക്തിയുടെ അടിമത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാന്‍, കര്‍ഷകരെയും തൊഴിലാളികളെയും പട്ടിണിയില്‍ നിന്നു കരകയറ്റാനുള്ള സ്വയംഭരണം യാഥാര്‍ഥ്യമാക്കാന്‍ സ്വജീവിതം മറന്നു പോരാടിയ മഹാനായിരുന്നു ഗാന്ധിജി. ഈ രാജ്യത്തെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവന്റെയും സ്വയംപര്യാപ്തിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ജനസേവകന്‍ അധികാരമോഹിയാകരുതെന്നു ഗാന്ധി അഭ്യര്‍ഥിച്ചു. അധികാരം ധനസമ്പാദനത്തിനുള്ള മാര്‍ഗമാകരുതെന്നും ഉദ്‌ബോധിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അധികാരത്തില്‍നിന്നു വിട്ടുനിന്നു മാതൃകയായി.
എന്നാല്‍, അന്നു മുതല്‍ ഇന്നുവരെ ഒരു രാഷ്ട്രീയക്കാരനും ആ ഗാന്ധിമാര്‍ഗം സ്വീകരിച്ചിട്ടില്ല. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഓരോ വര്‍ഷവും ഇന്ത്യക്കാരുടെ എണ്ണം പെരുകുന്നുണ്ട്. ആ പട്ടികയില്‍ പേരു വരുന്നില്ലെങ്കിലും രാജ്യത്തെ ഏതു ശതകോടീശ്വരനെയും വെല്ലുന്ന സമ്പാദ്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതിന്റെ നേതാക്കന്മാര്‍ക്കുമുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം.
കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ച ചോദ്യം ഏറെ പ്രാധാന്യമുള്ളതും ശ്രദ്ധേയവുമാണ്. ജനപ്രതിനിധികളുള്‍പ്പെടെയുള്ള ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ സമ്പാദ്യം ഇങ്ങനെ കുന്നുകൂടുന്നത് എന്തുകൊണ്ടാണെന്നാണു കോടതി ചോദിച്ചിരിക്കുന്നത്. ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ പലരും പില്‍ക്കാലത്തു കണക്കില്‍പ്പെട്ടതും പെടാത്തതുമായ കോടാനുകോടി സ്വത്തിന് ഉടമകളായ എത്രയെത്ര സംഭവകഥകള്‍ വേണമെങ്കിലും വിവരിക്കാനാകും.
അതിന് അവര്‍ക്കു ജനപ്രതിനിധിയായി ആ ശമ്പളം ലഭിക്കണമെന്നൊന്നുമില്ല. എസ്.എസ്.എല്‍.സിയും ഗുസ്തിയുമായി തേരാപ്പാരാ നടന്നു പിന്നീട് രാഷ്ട്രീയത്തിലിറങ്ങി നേതാവിന്റെ പെട്ടിചുമന്നും നേതാവിന്റെ മക്കള്‍ക്ക് ആനകളിക്കാന്‍ കുനിഞ്ഞു കൊടുത്തുമൊക്കെ കാലം കഴിച്ചുകൂട്ടിയ ഒരാള്‍ കോടീശ്വരനായ കഥ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഉന്നതസ്ഥാനീയനായ നേതാവില്‍ നിന്നു കാര്യം നേടാന്‍ മിക്കവരും ചെന്നു 'കണ്ടിരുന്ന'ത് ഈ ശിങ്കിടിനേതാവിനെയായിരുന്നു. ഓരോ 'കാഴ്ച'യും അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ തോതുകൂട്ടി. തനിക്കുള്ള പങ്ക് മുറയ്ക്കു കിട്ടുമെന്നതിനാല്‍ നേതാവിനും എതിര്‍പ്പുണ്ടായിരുന്നില്ല.
ഇങ്ങനെ എത്രയെത്ര കഥകള്‍. എത്രയെത്ര രാഷ്ട്രീയ കോടീശ്വരന്മാര്‍.
അതുകൊണ്ടാണു സുപ്രിം കോടതി ചോദിച്ചത് ഇതൊന്നും നിയന്ത്രിക്കാന്‍ വകുപ്പില്ലേയെന്ന്. എം.പിയോ എം.എല്‍.എയോ ആയി ഏതു ടിക്കറ്റില്‍ ജയിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ കാലുമാറാനും കാലുമാറ്റിക്കാനും ഒരുളുപ്പുമില്ലാത്ത രാഷ്ട്രീയക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും വേണ്ടത്രയുള്ള നാടാണിത്. ഗോവയിലും കര്‍ണാടകയിലുമൊക്കെ ഈ അടുത്തകാലത്തു നാം കണ്ടതാണല്ലോ.
ഒന്നും രണ്ടുമല്ല പത്തും നൂറും കോടികളാണ് ഓരോ കാലുമാറ്റത്തിനുമായി മറിയുന്നത്. ജനങ്ങളുടെ സന്മനസ്സില്‍ ജയിച്ചു കയറിയിട്ടും തന്നെ ജയിപ്പിച്ച രാഷ്ട്രീയപ്രസ്ഥാനം അതിനായി കോടികള്‍ മുടക്കിയിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ മനസ്സിളകുകയാണ് ഈ ജനസേവകര്‍ക്ക്. തങ്ങള്‍ പണമെറിഞ്ഞു ജയിപ്പിച്ചവര്‍ കൂറുമാറാതിരിക്കാന്‍ പിന്നെയും കോടികള്‍ ചെലവഴിക്കേണ്ട ഗതികേടിലാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍.
തീര്‍ച്ചയായും ഇതല്ല, ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യ. തീര്‍ച്ചയായും ഇതല്ല, ഇവിടത്തെ ദരിദ്രനാരായണന്മാര്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധികള്‍.
പക്ഷേ, എന്തു ചെയ്യാനാകും.
സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരത്തില്‍, ആക്ഷേപഹാസ്യക്കുറിപ്പുകളെഴുതി സങ്കടം തീര്‍ക്കാനല്ലേ അവര്‍ക്കു കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."