ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ: സ്‌കൂളുകള്‍ക്കെതിരേ നടപടി വേണം
കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും ലംഘിച്ച് പ്രൈമറി ക്ലാസ് പ്രവേശനത്തിന് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുളള സ്‌ക്രീനിങ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കെതിരേ നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തെ ഒരു സ്‌കൂളില്‍ പോലും ഒരുതരത്തിലുള്ള സ്‌ക്രീനിങ് ടെസ്റ്റുകളും നടത്താന്‍ പാടില്ലെന്ന നിയമം വന്നതോടെ സി.ബി.എസ്.ഇ. തന്നെ ഇതുസംബന്ധിച്ച് അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത് മറച്ചുവെച്ചാണ് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്.
ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനം കൂടിയാണ്. ഇത്തരം സ്‌കൂളുകളിലെ പലതരത്തിലുള്ള വിദ്യാര്‍ഥി പീഡനങ്ങള്‍ പലതും പുറത്ത് പറയാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നതാണ് നിയമ ലംഘനം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സ്‌കൂളായതിനാല്‍ സൗജന്യ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പ്രവേശനം നല്‍കുമ്പോള്‍ ഫീസ് നല്‍കാന്‍ തയ്യാറുള്ളവരെ എടുക്കുന്നതിലും മാത്രമേ വിദ്യാഭ്യാസ അവകാശ നിയമം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇളവ് അനുവദിക്കുന്നുള്ളു.
വെള്ളം, വൈദ്യുതി തുടങ്ങിയ ഏതെങ്കിലും വിധത്തിലുള്ള സബ്‌സിഡി സൗജന്യങ്ങള്‍ സ്‌കൂള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാന്‍ ഇത്തരം സ്‌കൂളുകളും ബാധ്യസ്ഥരാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും നിര്‍ബന്ധിത ടി.സി. നല്‍കുന്നതും ശിക്ഷിക്കുന്നതും നിയമം വിലക്കിയിട്ടുണ്ട്. ഓരോ സ്‌കൂളിനും അംഗീകാരം ലഭിക്കാന്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുമുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരടക്കമുള്ളവരെ സ്വാധീനിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് പല അണ്‍ എയ്ഡഡ് സ്‌കൂളുകളും അംഗീകാരം നേടിയിട്ടുള്ളത്. മേപ്പാടിയിലെ ഒരു ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ 50.000 രൂപയും കോടതി ചെലവും രക്ഷിതാവിന് നല്‍കണമെന്ന് കോടതി അടുത്തിടെ വിധിച്ചിരുന്നു.
സ്‌കൂളിന്റെ പരസ്യ ബ്രോഷറില്‍ പറഞ്ഞ സൗകര്യങ്ങളും ഗുണനിലവാരവും പാലിക്കാന്‍ തയ്യാറാവാത്തതിനെതിരേ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു വിധി.
നിയമവും ചട്ടങ്ങളും ലംഘിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പി.ആര്‍. മധുസൂധനന്‍, കെ.കെ സുരേഷ് കുമാര്‍, പി.വി സന്തോഷ്, കെ.ടി ശ്രീവല്‍സന്‍, പി.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."