കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷനല്‍ മാനേജ്‌മെന്റ് നടപ്പാക്കും: മന്ത്രി ശശീന്ദ്രന്‍
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷനല്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ സി.എം.ഡി ഒഴികെയുള്ള എക്‌സിക്യുട്ടീവ് തസ്തികകള്‍ പ്രമോഷനിലൂടെയാണ് നികത്തുന്നത്. ഇതൊഴിവാക്കി കഴിവും പ്രാപ്തിയുമുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ നടപടി സ്വീകരിക്കും.
വിഷയത്തില്‍ ട്രേഡ് യൂനിയനുകളുമായി സംസാരിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാനിരക്ക് വര്‍ധിപ്പിക്കില്ല.
പകരം ഭരണപരമായി കാര്യക്ഷമത വര്‍ധിപ്പിച്ച് ചെലവു കുറച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായി സര്‍വീസുകളുടെ പുനഃക്രമീകരണം, കൂടുതല്‍ ഷെഡ്യൂളുകള്‍ അനുവദിക്കല്‍, വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച സേവനം എന്നിവയാണ് ഉദ്ദേശിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ നിയമനങ്ങളിലെ അശാസ്ത്രീയത പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയില്‍ മാത്രമാണ് പകരം നിയമനം നടത്താതെ ജീവനക്കാരെ സ്ഥലം മാറ്റുന്നത്. ഇതുകാരണം ജീവനക്കാരുണ്ടെങ്കിലും ദിവസവും സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിരവധി സര്‍വീസുകളാണ് മുടങ്ങുന്നത്. റൂട്ട് മാറി ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
കെ.എസ്.ആര്‍.ടി.സി, സ്വാകാര്യ ബസ് സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നതില്‍ അപാകതകളുണ്ട്. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ആര്‍.ടി.ഒയും കെ.എസ്.ആര്‍.ടി.സിക്ക് തിരുവനന്തപുരം ചീഫ് ഓഫിസില്‍ നിന്നുമാണ് സര്‍വീസുകളുടെ സമയം തീരുമാനിക്കുന്നത്. ഇവരുടെ ഏകോപനം ഉറപ്പുവരുത്തി പ്രശ്‌നം പരിഹരിക്കും. മറ്റു ഗതാഗത സൗകര്യങ്ങളില്ലാത്ത വയനാട്, ഇടുക്കി ജില്ലകള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."