ലഹരിക്കായി കാന്‍സര്‍ വേദനസംഹാരികളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
പയ്യന്നൂര്‍: ലഹരി കിട്ടാനായി കൗമാരക്കാരും യുവാക്കളും കാന്‍സര്‍ വേദനാ സംഹാരികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.
കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയാനും ഒപ്പം ചെറിയ മയക്കത്തിനുമായി ഉപയോഗിക്കുന്ന ഗുളികകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇത്തരം ഗുളികകള്‍ സോഡയില്‍ കലര്‍ത്തി ലയിപ്പിച്ചശേഷം കുടിക്കുകയാണ് ചെയ്യുന്നത്.
പയ്യന്നൂരിനും പരിസരങ്ങളിലുമുള്ള ആറ് കൗമാരക്കാരെ കഴിഞ്ഞദിവസം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഇത്തരം ഗുളികകള്‍ അമിതമായി വാങ്ങാനെത്തിയതായിരുന്നു ഇവര്‍. ഇവരില്‍ നിന്നാണ് എക്സൈസ് സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇവരെ പിന്നീട് രക്ഷിതാക്കളെ വരുത്തിയാണ് വിട്ടയച്ചത്.
മംഗളൂരു, കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ഇത്തരം ഗുളികകള്‍ യഥേഷ്ടമെത്തുന്നുണ്ടെന്നാണ് സൂചന. ഇതില്‍ കുറവ് വന്നപ്പോഴാണ് പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറുകളെ ഇവര്‍ ആശ്രയിച്ചത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയില്‍ ഇത്തരം ലഹരി ഉപയോഗം വ്യാപകമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഇത്തരം ഗുളികകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കണ്ണിലൊഴിക്കുന്ന ചില മരുന്നുകളും ലഹരിക്കായി കുത്തിവയ്ക്കുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."