ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി ദശവാര്‍ഷികം: പശ്ചിമ ബംഗാളില്‍ മദ്‌റസ നിര്‍മിക്കുന്നു
ദമാം: കിഴക്കന്‍ സഊദിയിലെ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി പശ്ചിമ ബംഗാളില്‍ മദ്‌റസ നിര്‍മിക്കുന്നു. സംഘടനയുടെ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ദശവാര്‍ഷികത്തോടനുബന്ധിച്ചാണ് നാഷണല്‍ എജ്യു മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടമയി പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭിംപുര്‍ ഗ്രാമത്തില്‍ മദ്‌റസ നിര്‍മിച്ച് മതവിദ്യാഭ്യാസത്തിന് മാതൃകയാകുന്നത്. ഇവിടെ ഓഫ് ക്യാംപസ് നടത്തുന്ന ചെമ്മാട് ദാറുല്‍ ഹുദ ഇസ്മിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ ഹാദിയയുടെ മേല്‍നോട്ടത്തിലാണ് വിദ്യാഭ്യാസ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
'പൈതൃകം, നവോത്ഥാനം, സത്യസാക്ഷ്യം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു വര്‍ഷം നീളുന്ന വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായത്. ഇതിനകം തന്നെ പൈതൃകം, നവോത്ഥാനം വിഷയങ്ങളില്‍ ആദര്‍ശ സമ്മേളനം, ആദര്‍ശ പ്രചാരണം എന്നിവ വിവിധ പരിപാടികളോടെ നടന്നു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭിംപുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് ശംസുല്‍ ഉലമ മെമ്മോറിയല്‍ ദാറുല്‍ ഫൗസ് ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജുബൈലിലെ സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്ന സംഭാവനയില്‍ നിന്നാണ് പദ്ധതി നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. പദ്ധതിയുടെ ഒന്നാം ഘട്ട തുക കൈമാറ്റ ചടങ്ങ് ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിയില്‍ വെച്ച് നടന്നു.
ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റി ജനറല്‍ സെക്രട്ടറി ചെമ്മുക്കാന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ജുബൈല്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രൊജക്ട് ഫണ്ട് ട്രഷറര്‍ ഫാസ് മുഹമ്മദലി മഞ്ചേരി ദാറുല്‍ ഹുദ ട്രഷറര്‍ സൈതലവി ഹാജിക്ക് കൈമാറി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്ന സഹായനിധി സൈതലവി ഹാജി വേങ്ങര യു. ശാഫി ഹാജിക്ക് കൈമാറി. സെന്റട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ ബാഖവി ജുബൈല്‍ സംഘടനാ സംവിധാനം വിശദീകരിച്ചു. ബംഗാള്‍ ഓഫ് ക്യാംപസ് പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്ബര്‍ ഹുദവി പദ്ധതി വിശദീകരിച്ചു. ഹാദിയ മുന്‍ സെക്രട്ടറി നാസര്‍ പി.കെ ഹുദവി, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ സംസാരിച്ചു. യു ശാഫി ഹാജി സ്വാഗതവും അബ്ദുസ്സലാം കൂടരഞ്ഞി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."