സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയം; പറയത്തക്ക ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിനിടെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പറയത്തക്ക ഒറു നേട്ടവും ഉണ്ടാക്കിയിട്ടില്ല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിച്ചുവെന്നത് അവകാശ വാദം മാത്രമാണ്. നവകേരളം നിര്‍മ്മിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വജനപക്ഷപാതം, ധൂര്‍ത്ത്, രാഷ്ട്രീയ കൊലപാതകം, പ്രളയ ഫണ്ട് തട്ടിപ്പ് ഇവയൊക്കെയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണിത്.
രണ്ട് വര്‍ഷമായിട്ടും പ്രതിജ്ഞ പുതുക്കാമെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. റീ ബില്‍ഡ് കേരള ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നിന്നു. പുതിയ കേരളത്തിനായി ഒരു പദ്ധതിയും ആരംഭിച്ചില്ല. പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് വീട് നല്‍കിയതില്‍ ഏറിയ പങ്കും സന്നധ സംഘടനകള്‍ നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പൂര്‍ണമായും ചിലവഴിക്കാനായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും പൂര്‍ത്തിയാക്കിയത് യുഡിഎഫ് കാലത്താണ്. വിഴിഞ്ഞം എന്ന് പൂര്‍ത്തിയാകുമെന്ന് ഈ സര്‍ക്കാരിന് പറയാനാകുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
പിആര്‍ വര്‍ക്ക് നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രളയ ഫണ്ട് മുക്കിയതിലും രാഷ്ട്രീയ കൊലപാതകങ്ങളിലും സര്‍ക്കാരിന് മറുപടിയില്ല. ദുരന്ത സമയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് സഹകരിച്ചാണ് നിന്നിരുന്നത്. എന്നാല്‍ ക്രമക്കേട് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ മടിച്ചിട്ടില്ലെന്നും അത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."