കോണ്‍ഗ്രസിനും സി.പി.എമ്മിനും അടിപതറി; കേരള ചരിത്രത്തില്‍ ലീഗില്ലാത്ത പാര്‍ലമെന്റില്ല
എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ അത്രവലിയ പാര്‍ട്ടിയല്ലെങ്കിലും കേരളത്തില്‍ മുസ്്‌ലിംലീഗിന് മാത്രം അവകാശപ്പെടാവുത്ത ഒരു റെക്കോര്‍ഡുണ്ട്്.
വലതുമുന്നണിയിലെ പ്രബലകക്ഷിയായ കോണ്‍ഗ്രസും ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മും ലോക്‌സഭയില്‍ തോറ്റ് തുന്നംപാടിയ തെരഞ്ഞെടുപ്പുകള്‍ ഏറെയാണ്. കഴിഞ്ഞ 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരാളെ പോലും ലോക്‌സഭയിലേക്ക് വിജയിപ്പിക്കാന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പുകളുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തര കേരളചരിത്രത്തില്‍ മുസ്്‌ലിംലീഗില്ലാത്ത പാര്‍ലമെന്റില്ലെന്നാണ് സത്യം.
ഭരണഘടനാരൂപീകരണത്തിനു ശേഷം 1952ല്‍ നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് മുസ്‌ലിംലീഗിലെ ബി. പോക്കര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തി. 1957ലെ രണ്ടാം തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം തന്നെയാണ് ലീഗിനുവേണ്ടി മഞ്ചേരിയില്‍നിന്ന് ലോക്‌സഭയില്‍ ഇരിപ്പിടം പിടിച്ചത്. 1962 ല്‍ നടന്ന മൂന്നാം ലോക്‌സഭാ പോരാട്ടത്തില്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ മഞ്ചേരിയില്‍നിന്നും സി.എച്ച് മുഹമ്മദ് കോയ കോഴിക്കോട് നിന്നും വിജയിച്ച് എം.പിമാരായി.
1967ലെ നാലാം ലോക്‌സഭയില്‍ ഖാഇദേ മില്ലത്തിനെ കൂടാതെ കോഴിക്കോടുനിന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടുവും വിജയിച്ചു. 1971ലെ അഞ്ചാം ലോക്‌സഭയിലേക്ക് ഇരുവരും തന്നെയാണ് വിജയിച്ചത്്. 1973ലെ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍നിന്ന് സി.എച്ച് വിജയിച്ചു. തുടര്‍ന്ന് 1977 മുതല്‍ നടന്ന നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മഞ്ചേരിയില്‍നിന്ന് സുലൈമാന്‍ സേട്ട് വിജയിച്ചപ്പോള്‍ 1977 മുതല്‍ 1999ലെ (1991 ഒഴികെ) 13ാംലോക്‌സഭ ഉള്‍പ്പെടെ പൊന്നാനിയില്‍നിന്ന് ബനാത്ത് വാലയാണ് വിജയിച്ചത്.
1991 ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് മത്സരിച്ച് ജയിച്ചത് സുലൈമാന്‍ സേട്ട് ആയിരുന്നു. 1991ലെ പത്താം ലോക്‌സഭ മുതല്‍ 1999ലെ 13 ാംലോക്‌സഭ വരേ തുടര്‍ച്ചയായി നാലുതവണ മഞ്ചേരിയെ പ്രതിനിധീകരിച്ച് പാര്‍ലിമെന്റിലെത്തിയ ഇ. അഹമ്മദ് 2004ല്‍ പൊന്നാനിയില്‍നിന്നും 2009, 2014 വര്‍ഷങ്ങളില്‍ മലപ്പുറത്തുനിന്നും പാര്‍ലിമെന്റിലെത്തി. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. 2009 മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ചത് ഇ.ടി മുഹമ്മദ് ബഷീറാണ്. 17 ാംലോക്‌സഭയിലേക്ക് പൊന്നാനിയില്‍ ഇ.ടിയും മലപ്പുറത്തുനിന്ന് കുഞ്ഞാലിക്കുട്ടിയും അങ്കത്തിനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും കാണുന്നില്ല.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കേരളത്തില്‍ ഒരാളെ പോലും വിജയിപ്പിക്കാനായില്ല. ശക്തമായ ഇടതുതരംഗം ആഞ്ഞടിച്ച 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20ല്‍ 19 സീറ്റിലും സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുസ്ഥാനാര്‍ഥികള്‍ ആണ് വിജയിച്ചത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വിജയിച്ച ഏക യു.ഡി.എഫ് അംഗം പൊന്നാനിയില്‍നിന്ന് പാര്‍ലമെന്റിലെത്തിയ ഇ. അഹമ്മദ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."