പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്ത്യ 150ാം സ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യം ഒരിക്കല്‍ക്കൂടി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യന്‍ നിയമനിര്‍മാണമേഖലയിലെ സ്ത്രീപ്രാതിനിധ്യം വീണ്ടും ചര്‍ച്ചയാവുന്നു. ഇന്ദിരാഗാന്ധിയെ പോലുള്ള ശക്തയായ പ്രധാനമന്ത്രിയും സോണിയാഗാന്ധി, മമതാ ബാനര്‍ജി പോലുള്ള കരുത്തരായ രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ വനിതകളില്‍ നിന്ന് ഉണ്ടായെങ്കിലും പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 150 ആണ്. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളും അയല്‍രാഷ്ട്രങ്ങളായ പാകിസ്താനും ബംഗ്ലാദേശുമെല്ലാം ഇന്ത്യയുടെ എത്രയോ മുകളിലുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയില്‍ 66 വനിതാ അംഗങ്ങളാണുള്ളത്. ഇതാവട്ടെ ആകെയുള്ള 545 സീറ്റിന്റെ 12 ശതമാനമേ വരൂ. വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരി 24 ശതമാനമാണ്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയാണ് സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ളത്. ഇവിടെ 80 അംഗ പാര്‍ലമെന്റിലെ 49 അംഗങ്ങളും സ്ത്രീകളാണ്. ആകെ 61 ശതമാനം. തൊട്ടുപിന്നില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയാണ്. 605 അംഗ സഭയില്‍ 322 ഉം വനിതകളാണ്, അതായത് 53.2 ശതമാനം. മറ്റൊരു സോഷ്യലിസ്റ്റ് രാഷ്ട്രമായ ബോളീവിയയാണ് മൂന്നാംസ്ഥാനത്തുള്ളത്. ഇവിടെ 130ല്‍ 69 അംഗങ്ങള്‍ (53.1 ശതമാനം) സ്ത്രീകളാണ്. മെക്‌സിക്കോ (48 ശതമാനം), സ്വീഡന്‍ (47 ശതമാനം), കരീബിയന്‍ രാജ്യമായ ഗ്രെനഡ (46.7 ശതമാനം), നമീബിയ (46.2 ശതമാനം), കോസ്റ്ററിക്ക (45 ശതമാനം), നിക്കരാഗ്വ (44 ശതമാനം), ദക്ഷിണാഫ്രിക്ക (42 ശതമാനം) എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലെ രാജ്യങ്ങള്‍.
അല്‍ജീരിയ (25.8), ഇറാഖ് (25.2), യു.എ.ഇ (22.5), സഊദി അറേബ്യ (19.9), ലിബിയ (16), ജോര്‍ദാന്‍ (15.4), ബഹ്‌റൈന്‍ (15), ഈജിപ്ത് (14.9), സിറിയ (13.2) എന്നീ അറബ് രാഷ്ട്രങ്ങള്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. അയല്‍രാഷ്ട്രങ്ങളായ നേപ്പാള്‍ (32.7 ശതമാനം), അഫ്ഗാനിസ്താന്‍ (27 ശതമാനം), ചൈന (24.9), ബംഗ്ലാദേശ് (20.6), പാകിസ്താന്‍ (20.2) എന്നിവയും വന്‍ശക്തികളായ ബ്രിട്ടണ്‍ (32 ശതമാനം), അമേരിക്ക (23), റഷ്യ (15) എന്നിവയും ഇന്ത്യക്കു മുകളിലാണ്. അതേസമയം ജപ്പാന്‍ (10), ഖത്തര്‍ (9.9), ഇറാന്‍ (5.9), ശ്രീലങ്ക (5.3), കുവൈത്ത് (4.6) എന്നീ ഏഷ്യന്‍ രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം ഇന്ത്യയിലെക്കാളും പരിതാപകരമാണ്.
ലഭ്യമായ കണക്കുകള്‍ പ്രകാരം പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് പപുവാ ന്യൂഗിനിയയും ദക്ഷിണ പസഫികിലെ കൊച്ചു ദ്വീപായ വന്വാതു, പടിഞ്ഞാറന്‍ പസഫികിലെ മറ്റൊരു ചെറുദ്വീപായ മൈക്രോനേഷ്യയുമാണ്. ഇവിടെ മൂന്നിടത്തും സ്ത്രീ പ്രാതിനിധ്യമേയില്ല. സോളമന്‍ ദ്വീപുകളിലെയും യമനിലെയും ഒമാനിലെയും സഭകളില്‍ ഓരോ സ്ത്രീകള്‍ വീതം അംഗങ്ങളായുണ്ട്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പാസായിട്ടില്ല. അധികാരത്തിലേറിയാല്‍ നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചവയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് ഏറ്റവുമധികം പ്രാതിനിധ്യം നല്‍കിയത് തൃണമൂല്‍ കോണ്‍ഗ്രസാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി പ്രഖ്യാപിച്ച പട്ടികയില്‍ 41 ശതമാനമാണ് സ്ത്രീകള്‍ക്കു പ്രാതിനിധ്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."