നിക്ഷിപ്ത വനഭൂമിയിലെ മരം മുറി; ആറു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കല്‍പ്പറ്റ: നിക്ഷിപ്ത വനഭൂമിയായ പാമ്പ്ര എസ്റ്റേറ്റിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് ആറു വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
ഭരണവിഭാഗം അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അമിത് മല്ലിക്കാണ് ഉത്തരവിട്ടത്. ചെതലയം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി. സലിം, ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ എന്‍.ആര്‍ രമേശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ.എം സുരേഷ് ബാബു, പാമ്പ്ര ഔട്ട് പോസ്റ്റിലെ ബി.എഫ്.ഒമാരായ കെ.എം ഷിനോജ്, കെ. അനൂപ് കുമാര്‍, കെ.ഒ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നോര്‍തേണ്‍ റീജ്യനല്‍ അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം രണ്ടു വര്‍ഷം മുമ്പ് വനം വകുപ്പ് ജണ്ട കെട്ടി തിരിച്ച 88 ഹെക്ടര്‍ ഭൂമിയിലാണ് അനധികൃത മരം മുറി.
നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് 160 ലധികവും പാമ്പ്ര കോഫി പ്ലാന്റേഷന്റെ കൈവശഭൂമിയില്‍ നിന്ന് 177ലധികം മരങ്ങളുമാണ് മുറിച്ചത്.
മരം മുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫ്‌ളൈയിങ് സ്‌ക്വാഡ് മാര്‍ച്ച് 18ന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണത്തിന് ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കൈമാറിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് മരങ്ങള്‍ മുറിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."