യാത്രക്കാരില്ല; ബൈന്തൂര്‍ പാസഞ്ചര്‍ ഓടുന്നത് അസമയത്ത്
ഉദുമ: കണ്ണൂരിലേക്ക് നീട്ടിയ ബൈന്തൂര്‍ എക്‌സപ്രസില്‍ യാത്രക്കാര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കുന്ന മംഗളൂരു സെന്റര്‍ സ്റ്റേഷനില്‍ ട്രെയിന്‍ പോകാത്തതാണ് യാത്രക്കാര്‍ കുറയാനുള്ള പ്രധാന കാരണം. അതേ സമയം ട്രെയിന്‍ സമയം മാറ്റി കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ബൈന്തുര്‍ എക്‌സ്പ്രസ് കാസര്‍കോട് നിന്നും ആരംഭിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ അനുവദിച്ചത്. രണ്ട് മാസം കഴിഞ്ഞ് ഇത് കണ്ണൂരിലേക്ക് നീട്ടി. പുലര്‍ച്ചെ നാലരക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ആറിനാണ് കാസര്‍കോട്ടെത്തുന്നത്.
എന്നാല്‍ അഞ്ചരയോടെ കണ്ണൂരിലെത്തുന്ന മാവേലി എക്‌സ്പ്രസില്‍ കയറി മംഗളരൂവില്‍ നിന്നും മഡ്ഗാവിലേക്കുള്ള ഇന്റര്‍ സിറ്റിയിലോ കാര്‍വാറിലേക്കുള്ള ബംഗളൂരു ട്രെയിനിലോ കണക്ഷന്‍ ട്രെയിനായി കയറി മൂകാംബികയിലെത്താനാണ് പലര്‍ക്കും താല്‍പര്യം. അതിനാല്‍ മിക്ക ദിവസങ്ങളിലും മലബാറിലെ പല സ്റ്റേഷനുകളിലും ബൈന്തൂര്‍ പാസഞ്ചറിന് യാത്രക്കാരുണ്ടാവുന്നില്ലാണ് റിപ്പോര്‍ട്ട്.
രണ്ട് പ്രധാന സ്റ്റേഷന്‍ ദൂരത്തില്‍ കിട്ടുന്ന വരുമാനം പോലും കണ്ണൂരില്‍ നിന്നും ബൈന്തുരിലേക്കുള്ള യാത്രയില്‍ റെയില്‍വേക്ക് കിട്ടുന്നില്ലെന്ന് ഡിവിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ മേല്‍ഘടകത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അശാസ്ത്രീയവും യാത്രക്കാര്‍ക്കു ഗുണകരവുമല്ലാത്ത ട്രെയിന്‍ സമയം മാറ്റി കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവുമായി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."