സര്‍ഗാലയ കരകൗശല പരിശീലനകേന്ദ്രം ഉദ്ഘാടനം നാളെ
വടകര: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മിച്ച കരകൗശല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 12.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം നിര്‍മിച്ചത്.
കരകൗശലന പരിശീലന ഹാളുകള്‍, എ.സി കോണ്‍ഫറന്‍സ് ഹാള്‍, മുറികള്‍, ഡോര്‍മിറ്ററി, തുടങ്ങിയ സൗകര്യങ്ങള്‍ കരകൗശലന പരിശീലന കേന്ദ്രത്തിലുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 2.75 കോടിയും ഇപ്പോഴത്തെ സര്‍ക്കാര്‍ അനുവദിച്ച 9.99 കോടിയും നിര്‍മാണ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.
മുള, കൈതോല, കുളവാഴ, വാഴനാര്, കോറപ്പുല്ല്, തെങ്ങിന്‍തടി തുടങ്ങിയ വൈവിധ്യമേറിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം, കേരള മ്യൂറല്‍ പെയിന്റിങ്, ടെറാക്കോട്ട മ്യൂറലുകള്‍, വൈവിധ്യമേറിയ ജ്വല്ലറി ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലാണു പരിശീലനങ്ങള്‍ നല്‍കുക. ആദ്യഘട്ടത്തില്‍ ഇരിങ്ങലിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്കും രണ്ടാംഘട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കുമാണു പരിശീലനം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടായിരം പേരെ പരിശീലിപ്പിക്കും. വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നടത്തിപ്പ് യു.എല്‍.സി.സി.എസിനെ ഏല്‍പ്പിച്ചതായും സര്‍ഗാല അധികൃതര്‍ അറിയിച്ചു. ഇരിങ്ങലിലെ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ സ്ഥാപനമാക്കി ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണു വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് യു.എല്‍.സി.സി.എസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കെ. ദാസന്‍ എം.എല്‍.എ, സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ് ബാബു, ക്രാഫ്റ്റ് ഡിസൈനര്‍ കെ.കെ ശിവദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."