നിപാ പ്രതിരോധം: ആദരിക്കലിനെ ചൊല്ലി വിവാദവും
സ്വന്തം ലേഖകന്‍
കോഴിക്കോട്: ജീവന്‍ പണയംവച്ചും നിപാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ തയാറായവരെ ആദരിക്കാന്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങിനെ ചൊല്ലി വിവാദം. അനുമോദന പരിപാടിയെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും പ്രതിരോധത്തില്‍ പങ്കാളികളായ കേന്ദ്ര സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും അവഗണിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ജൂലൈ ഒന്നിന് വൈകിട്ട് ടാഗോര്‍ ഹാളിലാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ സര്‍ക്കാര്‍ ആദരിക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും കോഴിക്കോട് കോര്‍പറേഷനാണ് ഇപ്പോള്‍ ആദരം സംഘടിപ്പിക്കുന്നത്.
ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ടവരെയാണ് അനുമോദിക്കുന്നത്. നിപാ വൈറസ് ബാധ ആദ്യം കണ്ടെത്തിയത് പേരാമ്പ്രയിലാണ്. പിന്നീട് അതു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായുള്ള സംഘാടക സമിതിയാണ് അനുമോദന ചടങ്ങിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലുള്ള ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഘത്തിലുള്ള വിദഗ്ധരെ ഒഴിവാക്കിയെന്നാണ് പ്രധാന ആക്ഷേപം.
നിപാ വൈറസ് ബാധ ഭീതിവിതച്ചപ്പോള്‍ നിയന്ത്രണ വിധേയമാക്കുന്നതിനു നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) ഡയറക്ടര്‍ ഡോ. സുജിത്ത് കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇവിടെ എത്തിയിരുന്നു. ഒരാഴ്ചക്കാലം ഡോ. സുജിത്ത് കെ. സിങ് കോഴിക്കോട്ട് താമസിച്ചാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം രാജ്യത്തെ അറിയപ്പെടുന്ന എപ്പിഡമോളജിസ്റ്റായ ഡോ. എം.കെ ഷൗക്കത്തിലും ഉണ്ടായിരുന്നു. കോഴിക്കോട്ടെ എന്‍.സി.ഡി.സി ജോയിന്റ് ഡയറക്ടര്‍ കെ. രഘുവും കേന്ദ്ര സംഘത്തിനൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു.
വൈറസ് ബാധയ്ക്കു തുടക്കമിട്ട ചങ്ങരോത്തെ സൂപ്പിക്കടയില്‍ നിരന്തരം സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കുകയും ചെയ്തത് കേന്ദ്ര സംഘമാണ്.
മൃതദേഹം സംസ്‌കരിക്കുന്ന വിഷയത്തിലും കേന്ദ്ര സംഘമാണു നിര്‍ണായക പങ്കുവഹിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഡമോണ്‍സ്ട്രഷന്‍ തന്നെ കേന്ദ്രസംഘത്തിലെ ഡോക്ടര്‍മാര്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ഇങ്ങനെ പ്രവര്‍ത്തിച്ച ആരുംതന്നെ അനുമോദന പട്ടികയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസംഘത്തെ ഉള്‍പ്പെടുത്താമെന്നു യോഗത്തില്‍ അറിയിച്ചതായി ടി.പി ജയചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."