ശുദ്ധജലമില്ലെങ്കില്‍ വിഷുവുമില്ല; രാമന്തളിക്കാര്‍ ഇന്ന് ഉപവസിക്കും
പയ്യന്നൂര്‍: നാവിക അക്കാദമിയുടെ മലിനജല പ്ലാന്റ് കാരണം ദുരിതംപേറുന്ന രാമന്തളിയിലെ ജനത ഇന്ന് വിഷു ആഘോഷങ്ങള്‍ ഒഴിവാക്കി കൂട്ട ഉപവാസം അനുഷ്ഠിക്കും. ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തലിലാണ് ഒരു നാടിന്റെ ശുദ്ധജലം സംരക്ഷിക്കാന്‍ ആഘോഷങ്ങള്‍ക്ക് വിട നല്കി കൂട്ട ഉപവാസ സമരം നടത്തുക. അനിശ്ചിതകാല സമരപന്തലില്‍ ടി.കെ മനോജ് കുമാറിന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അനിശ്ചിതകാല സമരം 45ാം നാളിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി മലബാര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ ഉപവാസം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.ആര് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. ദീപു ജോണ്‍, മനു ഫ്രാന്‍സിസ്, ആര്. കുഞ്ഞികൃഷ്ണന്, വിനോദ് രാമന്തളി സംസാരിച്ചു. മലബാര്‍ വികസന സമിതി പ്രസിഡന്റ് അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തില്‍ അന്‍വര്‍ കരുവഞ്ചാല്‍, കെ.പി സത്യന്, മൊയ്തീന് നാടുകാണി എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.
വൈകുന്നേരം കെ. മുരളീധരന് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന് സമരപന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു. ദുബൈ നായര്‍ സൊസൈറ്റി രാമന്തളിക്കു വേണ്ടി ടി.കെ വിജയകുമാര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. സമരസമിതി പ്രവര്‍ത്തകനും വ്യാപാരിയുമായ ടി.കെ രാജീവന്റെ അകാല നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമരപന്തലില്‍ അനുശോചന യോഗം നടത്തി.
പി.കെ നാരായണന് അധ്യക്ഷനായി. ആര്. കുഞ്ഞികൃഷ്ണന്, കെ.പി രാജേന്ദ്രന്, സുനില്‍ രാമന്തളി, കെ.പി ശകുന്തള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."