ആണവ അന്തര്‍വാഹിനികളുമായി നാവികസേനയുടെ സൈനിക വിന്യാസം
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യാ-പാക് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയില്‍ വടക്കന്‍ അറബിക്കടലില്‍ നാവിക സേന ശക്തമായ സൈനിക വിന്യാസം നടത്തിയതായി റിപ്പോര്‍ട്ട്.
വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ, ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ 60 യുദ്ധക്കപ്പലുകളാണ് നാവികസേന വിന്യസിച്ചിരുന്നത്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര്ക്കാണ് ജീവഹാനി നേരിട്ടത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്.
ഫെബ്രുവരി 28ന് നാവിക സേന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ ഒരുക്കമാണെന്നും വ്യക്തമാക്കിയിരുന്നു.
ശക്തമായ സൈനിക നീക്കമാണ് നാവിക സേന നടത്തിയിരുന്നതെന്ന് നാവിക സേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ പറഞ്ഞു. ഐ.എന്‍.എസ് വിക്രമാദിത്യ, ആണവ അന്തര്‍വാഹിനികള്‍, വിമാന വാഹിനി കപ്പലുകള്‍ തുടങ്ങിയ സൈനിക വ്യൂഹത്തെയാണ് നാവികസേന അറബിക്കടലില്‍ ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സേനയുടെ 60 കപ്പലുകള്‍ക്കു പുറമെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകള്‍, 60 യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. ഇക്കഴിഞ്ഞ 10ാം തീയതി വരെ ഈ യുദ്ധ സന്നാഹം അറബിക്കടലില്‍ തമ്പടിച്ചിരുന്നു. നേരത്തെ തന്നെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം സുരക്ഷയുടെ ഭാഗമായി നാവിക സേന സജ്ജമായിരുന്നെങ്കിലും പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നടപടി ശക്തമാക്കുകയായിരുന്നുവെന്നും ക്യാപ്റ്റന്‍ ശര്‍മ പറഞ്ഞു.
നാവിക സേന മൂന്ന് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈനിക നീക്കം നടത്തിയിരുന്നത്. കര, കടല്‍, ആകാശ മാര്‍ഗമായിരുന്നു ഇത്. മക്രാന്‍ തീരത്ത് പാക് നാവിക സേനയും സൈനിക വിന്യാസം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."