പ്രചാരണത്തിന്റെ നട്ടെല്ലായിരുന്ന അച്ചുകൂടങ്ങള്‍
#ശംസുദ്ദീന്‍ ഫൈസി
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന അച്ചുകൂടങ്ങള്‍ സമൂഹമാധ്യമങ്ങളുടെ കാലത്ത് കൗതുകക്കാഴ്ച്ചയാവുന്നു. തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആദ്യകാലങ്ങളില്‍ തയാറാക്കിയിരുന്നത് മരക്കഷ്ണങ്ങളില്‍ കൊത്തിയുണ്ടാക്കുന്ന അച്ചുകള്‍ ഉപയോഗിച്ചായിരുന്നു. രാഷ്ടീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി ചിഹ്നങ്ങള്‍ പതിച്ചുള്ള പോസ്റ്ററുകള്‍ വെവ്വേറെ അച്ചുകളുണ്ടാക്കി ഏറെ സാഹസപ്പെട്ടാണ് തയാറാക്കിയിരുന്നത്. ആഴ്ചകളോളം നീളുന്ന തയാറെടുപ്പുകളായിരുന്നു അന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത് .
ഇതിനായി അക്ഷരങ്ങളും ചിഹ്നങ്ങളും നിര്‍മിക്കുന്ന ജോലി വിദഗ്ധരായ മരപ്പണിക്കാരാണ് ചെയ്തിരുന്നത്. ചെറിയ പോസ്റ്ററുകള്‍ക്ക് അതിനനുസരിച്ചുളള അച്ചുകളും വലിയ പോസ്റ്ററുകള്‍ തയാറാക്കാന്‍ വലിയ അച്ചുകളും ഇവര്‍ നിര്‍മിച്ചെടുക്കും. കാഴ്ചയുടെ സുഖത്തിനും ആകര്‍ഷണത്തിനും പച്ച നിറ പ്രതലത്തില്‍ കറുപ്പ് അക്ഷരങ്ങള്‍ നിരത്തിയാണ് പോസ്റ്ററുകള്‍ തയാറാക്കിയിരുന്നത്. അച്ചുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക പെട്ടികളും തയാറാക്കിയിരുന്നു.
വര്‍ണപ്പകിട്ടാര്‍ന്ന പോസ്റ്ററുകള്‍ മഷികളില്‍ അച്ചുകള്‍ പതിച്ചാണ് തയാറാക്കിയിരുന്നത്. കൂടുതല്‍ പേരുടെ അദ്ധ്വാനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കാലം ഉത്സവ പ്രതീതി തന്നെ സൃഷ്ടിച്ചു.
സാങ്കേതിക വിദ്യ വികസിച്ചതാണ് അച്ചുനിരത്തുന്ന പ്രസ്സുകള്‍ അപ്രത്യക്ഷമാവാന്‍ കാരണം. 1962ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ച മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ഖാഈദേമില്ലത്ത് മുഹമ്മദ് ഇസ്മാഈലിന് വേണ്ടി ഇത്തരത്തില്‍ തയാറാക്കിയ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് മഞ്ചേരി സ്വദേശി എം.സി അബ്ദുല്‍അലി.
കോണി അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തുകയെന്ന അഭ്യര്‍ഥനയും ചുമരില്‍ ചാരിവച്ച കോണിയുടെ ചിത്രവുമാണ് ഈ പോസ്റ്ററിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."