ക്രിസ്റ്റ്യാനോയ്ക്കും റയലിനും ഇരട്ടച്ചങ്ക്
മ്യൂണിക്ക്: അലയന്‍സ് അരീനയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും റയല്‍ മാഡ്രിഡിനും ഇരട്ട ചങ്കായിരുന്നു. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരും മുന്‍ ചാംപ്യന്‍മാരുമായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് എവേ പോരാട്ടം ഉജ്ജ്വലമാക്കി. ഇരട്ട ഗോളുകള്‍ നേടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കത്തിജ്വലിച്ച മത്സരത്തിലാണ് ബയേണിനെ നിലവിലെ ചാംപ്യന്‍മാര്‍ അവരുടെ തട്ടകത്തില്‍ കയറി തളച്ചത്.
നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യ പകുതി ബയേണും രണ്ടാം പകുതി റയലും സ്വന്തമാക്കി. നിരന്തരം ആക്രമണം അഴിച്ചുവിട്ട് ഇരു ടീമുകളും 90 മിനുട്ടും ഊര്‍ജം പ്രവഹിപ്പിച്ചപ്പോള്‍ മത്സരം കാഴ്ചയ്ക്ക് വിരുന്നായി.
തുടക്കം മുതല്‍ ബയേണാണ് ആക്രമണം ഏറ്റെടുത്തത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അഭാവത്തില്‍ തോമസ് മുള്ളര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. മുള്ളര്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും റോബനും റിബറിയും വിദാലും നിരന്തരം ആക്രമണങ്ങള്‍ നടത്തി കളി വരുതിയിലാക്കിയപ്പോള്‍ റയലിന്റെ പ്രതിരോധം ആടിയുലഞ്ഞു. മധ്യനിരയില്‍ ക്രൂസും മോഡ്രിചും താളം കണ്ടെത്താന്‍ വിഷമിച്ചതോടെ റയല്‍ പരുങ്ങി. അതിനിടെ 25ാം മിനുട്ടില്‍ ആര്‍തുറോ വിദാല്‍ നേടിയ ഹെഡ്ഡര്‍ ഗോളില്‍ ബയേണ്‍ മുന്നിലെത്തുകയും ചെയ്തു. കോര്‍ണറില്‍ നിന്നു തിയാഗോ അല്‍ക്കന്താര കൊടുത്ത പാസിനെ വിദാല്‍ ഹെഡ്ഡറിലൂടെ വലയിലാക്കിയപ്പോള്‍ റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് നിസഹായനായിരുന്നു. തൊട്ടുപിന്നാലെ ആര്യന്‍ റോബന്റെ അളന്നു മുറിച്ച ക്രോസില്‍ നിന്നു ഹെഡ്ഡറിലൂടെ വല കുലുക്കാന്‍ വിദാലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ചിലിയന്‍ താരത്തിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫ്രങ്ക് റിബറിയുടെ ഗോള്‍ ശ്രമം തടുക്കാനുള്ള ശ്രമത്തിനിടെ പന്ത് ഡാനി കാര്‍വജലിന്റെ കൈയില്‍ തട്ടി. ബയേണിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പക്ഷേ വിദാല്‍ പുറത്തേക്കടിച്ചു കളഞ്ഞു. ആ ഷോട്ടിന്റെ വില ബയേണിന് രണ്ടാം പകുതിയില്‍ നല്‍കേണ്ടിയും വന്നു.
രണ്ടാം പകുതിയില്‍ പക്ഷേ റയല്‍ കൂടുതല്‍ ഒരുമ കാണിച്ചു. തുടക്കം മുതല്‍ ആക്രമണത്തിലേക്കു തിരിഞ്ഞതോടെ ബയേണ്‍ പ്രതിരോധത്തിന് പിടിപ്പതു പണിയായി. തുടക്കത്തിലെ ആക്രമണത്തിന് ഫലവും കണ്ടു. ബയേണ്‍ പ്രതിരോധക്കാരുടെ അലസത മുതലെടുത്ത കാര്‍വജല്‍ ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു ക്രോസായി നല്‍കിയ പന്ത് ക്രിസ്റ്റ്യാനോ വലയിലേക്ക് തിരിച്ചു വിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില പിടിക്കാന്‍ സാധിച്ചതോടെ റയല്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായി. പിന്നീട് മെല്ലെ ആധിപത്യം ഉറപ്പിക്കാനും അവര്‍ക്കായി. 61ാം മിനുട്ടില്‍ പ്രതിരോധ താരം ജാവിയര്‍ മാര്‍ട്ടിനെസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായതോടെ ബയേണിന് പത്തു പേരായി ചുരുങ്ങേണ്ടി വന്നു. അതോടെ അവര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഈ അവസരം ശരിക്കും വിനിയോഗിച്ച റയല്‍ പിന്നീട് ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട് ബയേണ്‍ പകുതിയില്‍ ഭീതി വിതച്ചു. ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറുടെ അസാമാന്യ മനഃസാന്നിധ്യവും മികച്ച രക്ഷപ്പെടുത്തലുകളുമാണ് ബയേണിനെ കൂടുതല്‍ പരുക്കേല്‍ക്കാതെ നിലനിര്‍ത്തിയത്. എന്നാല്‍ നൂയര്‍ക്കു പിഴച്ച ഒരു നിമിഷത്തില്‍ ക്രിസ്റ്റ്യാനോ വീണ്ടും വല ചലിപ്പിച്ചു. അസെന്‍സിയോ നല്‍കിയ പാസില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോള്‍. പിന്നീടും റയല്‍ ആക്രമണത്തില്‍ നിന്നു പിന്‍വലിഞ്ഞില്ല. പക്ഷേ ഗോള്‍ വഴങ്ങാതെ ബയേണ്‍ തടിയൂരി. രണ്ടാം പദ പോരാട്ടത്തില്‍ രണ്ട് എവേ ഗോളിന്റെ അധിക ആനുകൂല്യവുമായി റയലിന് സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങാം.
മറ്റു മത്സരങ്ങളില്‍ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. 28ാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോയുടെ വിജയം.
ബൊറൂസിയ ഡോര്‍ട്മുണ്ട്- മൊണാക്കോ മത്സരത്തില്‍ മൊണാക്കോ 2-3ന്റെ എവേ വിജയം സ്വന്തമാക്കി. ബൊറൂസിയ ടീമിന്റെ ബസിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മാറ്റിവച്ച പോരാട്ടത്തിലാണ് മൊണാക്കോ വിജയം സ്വന്തമാക്കിയത്. ഡെംപെലെ, കഗാവ എന്നിവര്‍ ഡോര്‍ട്മുണ്ടിനായി വല ചലിപ്പിച്ചപ്പോള്‍ ബപ്പെയുടെ ഇരട്ട ഗോളുകളാണ് മൊണാക്കോയുടെ വിജയത്തിന്റെ കാതല്‍. അതേസമയം 35ാം മിനുട്ടില്‍ ബൊറൂസിയ താരം ബെന്‍ഡര്‍ സെല്‍ഫിലൂടെ ദാനമായി നല്‍കിയ ഗോള്‍ മൊണാക്കോയുടെ വിജയം നിര്‍ണയിച്ചപ്പോള്‍ ബൊറൂസിയയുടെ അപ്രതീക്ഷിത തോല്‍വിക്ക് ആ ഗോള്‍ കാരണമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."