തീരുമോ ഈ ദുരിതം?
പാറ്റ്ന: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രയാസത്തിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ചുള്ള ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കാനിരിക്കെ, ബിഹാറില്‍നിന്ന് കരളലിയിക്കുന്ന ഒരു രംഗം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ മരിച്ചുകിടക്കുന്ന തന്റെ മാതാവിനെ പിഞ്ചുകുഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പനി, നിര്‍ജലീകരണം എന്നിവയ്ക്കു പുറമേ, വിശപ്പും ഈ സ്ത്രീയുടെ മരണത്തിനു കാരണമായതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പ്രത്യേക ട്രെയിനുകളില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന വിവാദം നേരത്തേതന്നെ ഉയര്‍ന്നിരുന്നു.
മുസഫര്‍പൂരിലെ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള രംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രത്യേക ട്രെയിനില്‍ തിങ്കളാഴ്ച ഇവിടെയെത്തിയ സ്ത്രീയാണ് പ്ലാറ്റ്ഫോമില്‍ മരിച്ചത്. തുടര്‍ന്നു ബന്ധുക്കളും മറ്റു യാത്രക്കാരും ഇവരുടെ മൃതശരീരം പുതപ്പുകൊണ്ട് മൂടി. ഈ പുതപ്പ് മാറ്റി മാതാവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഇതേ ട്രെയിനിലെത്തിയ രണ്ടു വയസായ കുട്ടിയും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഹമ്മദാബാദില്‍നിന്നാണ് തങ്ങള്‍ യാത്ര തുടങ്ങിയതെന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍, ട്രെയിനില്‍ മതിയായ ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന ആരോപണം തള്ളി റെയില്‍വേ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."