വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തുകള്‍
ഭൗതിക വിദ്യാഭ്യാസ മേഖല വിവിധങ്ങളായ രൂപവും ഭാവവും ആര്‍ജിച്ചു കൊണ്ട് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. അറിവ് ആര്‍ജിക്കലും അറിഞ്ഞത് അഭ്യസിക്കലും അനുവര്‍ത്തിക്കലുമാണ് വിദ്യാഭ്യാസം എന്ന കേവല പരികല്‍പന ഉള്‍ക്കൊള്ളുന്നതും അര്‍ഥമാക്കുന്നതും . വിദ്യാഭ്യാസ പുരോഗതിക്കൊത്ത് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ച പുരോഗതി പ്രാപിക്കുന്നില്ലെന്ന കാര്യം ഇവിടെ സുവ്യക്തമാണ്.
വിവേകവും വിവരവുമുള്ള ഒരു സൃഷ്ടിയായിട്ടാണ് മനുഷ്യനെ സ്രഷ്ടാവ് ഈ ഭൂമുഖത്തേക്ക് ബഹുമാനിച്ചാധരിച്ചു വിട്ടത്. എന്നാല്‍, ഭൗതികതയുടെ പളപളപ്പില്‍ ആത്മീയതയെ പാശ്ചാത്യര്‍ക്ക് വേണ്ടി മനുഷ്യര്‍ പണയം വയ്ക്കുന്നു. മതമൂല്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് ചപ്പുചവറുകളായി മാറുകയും ചെയ്യുന്നു.ഇവിടെയാണ് മത, ഭൗതിക, സമന്വയ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. അറിവുള്ളവനെയും അറിവില്ലാത്തവനെയും തമ്മില്‍ വേര്‍തിരിക്കുന്നത് വിദ്യയുടെയും വിവേകത്തിന്റെയും അളവുകോലിലൂടെയാണ്. വിജ്ഞാനത്തിന് പരിധികളും പരിമിതികളും ഇല്ലെന്നാണ് കവിഭാഷ്യം.
വിജ്ഞാന വക്താവാകുന്നതിനപ്പുറം പഠിച്ചത് പ്രാവര്‍ത്തികമാക്കുകയും ജീവിതത്തില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അതിനെ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ പൂര്‍ണതയിലെത്തുന്നത്. വിദ്യയാണ് ഒരു കാട്ടാളനെ സംസ്‌കരിക്കുന്നതും പാമരനെ പണ്ഡിതനാക്കുന്നതും . ലക്ഷ്യബോധമാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ പ്രധാനമായും ഉയര്‍ന്ന് വരേണ്ടത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉറക്കം കെടുത്തുന്നതും ഇതു തന്നെയാണ്. നിസ്സാരമായ വീഴ്ചകള്‍ ലക്ഷ്യം അകലെയാക്കുമെന്ന ചിന്ത രക്ഷിതാക്കളും അധ്യാപകരും ഗൗരവമായി തിരിച്ചറിയണം. പഠിക്കുന്നതും പഠിപ്പിക്കുന്നതും വളരെയധികം സൂക്ഷ്മതയോടെയായിരിക്കണം.
വിദ്യാഭ്യാസം കൊണ്ട് ഒരു വ്യക്തിയുടെ വികാസം മാത്രമല്ല ഉണ്ടാവുന്നത്. സമൂഹത്തിന്റെ പുരോഗതിയും ഉന്നതിയും വിദ്യാഭ്യാസ ദിശയെ സ്വാധീനിക്കുന്നു. രണ്ടും പരസ്പര പൂരകങ്ങളായി സമീപിക്കല്‍ അനിവാര്യമാണ്. വിപരീതമാവുമ്പോള്‍ ഭാവിയില്‍ വലിയ ഭവിഷത്തുകള്‍ നാം നേരിടേണ്ടി വരുന്നതാണ്. നല്ല നിലവാരമുള്ള വിദ്യാഭ്യാസ രീതിയില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗമാണ് രക്ഷിതാക്കള്‍ പ്ലാന്‍ ചെയ്യേണ്ടത്. പണച്ചെലവിന്റെ ഭൗതിക തലത്തെക്കാള്‍ ഉപരി മതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീക്കണം.
ചുറ്റുപാടുകള്‍ പിറകോട്ട് വലിക്കുന്ന തരത്തിലാവരുത് നമ്മുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും. പുതിയ ചിന്താരീതികളിലൂടെ ഭൗതികവും മതവും സമന്വയിപ്പിക്കാനുള്ള ഫ്രെയിമുകള്‍ നാം കണ്ടെത്തണം. പഴയ ചിന്തകളും ഫ്രെയിം ഗ്ലാസുകളും ഉടച്ചുകളയുകയും വേണം.
ഇന്ന് വിദ്യാഭ്യാസം ചൂഷണോപാതിയും കമ്പോളത്തില്‍ വിലപേശാനുള്ള വില്‍പ്പനച്ചരക്കായും മാറിയിരിക്കുന്നു. ഈ വലയില്‍ നാം വീഴുകയും ചെയ്യുന്നു. എല്ലാം കച്ചവടവല്‍ക്കരിച്ചു. കാര്യ ലാഭങ്ങളും പോക്കറ്റുകള്‍ വീര്‍പ്പിക്കലും ലക്ഷ്യമായി തുടങ്ങി. വിദ്യാര്‍ഥികള്‍ അവരുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും മനപ്പൂര്‍വം വിസ്മരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നു. ക്രമേണ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ സന്തുലിതാവസ്ഥയില്‍ വിള്ളലുകള്‍ വീഴുന്നു. എങ്ങും അരാചകത്വങ്ങള്‍ പെരുകുകയും ചെയ്യുന്നു.വിദ്യാഭ്യാസത്തിന്റെ വിദ്യ അന്യമാവുകയും കേവലം അഭ്യാസം മാത്രമാവുകയും ചെയ്യുകയാണ്. കലാലയങ്ങള്‍ കൊലാലയങ്ങളായും സമൂഹത്തില്‍ വ്യക്തി വിലാപങ്ങളും വര്‍ഗീയ ചീറ്റലുകളും മുളച്ചുപൊന്തുകയും ചെയ്യുന്നു.
വിവര - സാങ്കേതികവിദ്യയും ശാസ്ത്രവും വികാസം പ്രാപിക്കുമ്പോഴും ഉപകാരത്തോടൊപ്പം അത് പ്രപഞ്ചത്തില്‍ വിനാശവും സമ്മാനിച്ചുകൊണ്ടിരിക്കുന്നു. ധാര്‍മിക ബോധത്തിനെയും തിരിച്ചറിവിനെയും വകഞ്ഞുമാറ്റിയുള്ള സഞ്ചാര രീതികളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു. മതബോധത്തിന്റെ പോരായ്മകള്‍ കൊണ്ട് വളരെയേറെ അപകടങ്ങള്‍ നാമറിയാതെ സമൂഹമധ്യേ സ്ഥാപിതമായി മാറുന്നു. നാനാതുറകളിലും പ്രശ്‌നകലുഷിതമായ അന്തരീക്ഷവും ഭാവിയെ കുറിച്ച് ആശങ്കകളും മഴവെള്ളച്ചാട്ടം പോലെ കുത്തിയൊലിക്കുകയാണിതു മൂലം.
വളരുന്ന കൗമാര ലോകം കുടിച്ചും മരിച്ചും മിഥ്യാഭിമാനത്തില്‍ അഭിരമിച്ച് ജീവിതം തള്ളിനീക്കുമ്പോള്‍ സാംസ്‌കാരികതയുടെ കുറവുകള്‍ ഇവിടെ നിഴലിക്കുന്നു. അതിന്റെ ഒന്നാമത്തെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്. പിന്നെയാണ് ചുറ്റുപാടുകളും സാഹചര്യങ്ങളും അവരെ വേട്ടയാടുന്നത്. ഹൃദയഭാജനങ്ങളായ സന്താനങ്ങളെ പരിലാളനങ്ങള്‍ വേണ്ടതിലധികം നല്‍കി ചീത്തയാക്കുന്നതും അവര്‍ തന്നെയാണ്.
'എല്ലാവരും ഈ ഭൂമുഖത്ത് ജനിക്കുന്നത് നല്ല പ്രകൃതിയിലാണ്. അവരെ ജൂതനും ക്രിസ്ത്യാനിയും മോശക്കാരുമൊക്കെയാക്കുന്നത് രക്ഷിതാക്കളാണ് ' എന്ന നബി(സ)യുടെ വചനം ഇവിടെ പ്രസക്തമാവുകയാണ്.
ഇവിടെയാണ് മത-ധാര്‍മിക വിദ്യയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. മറ്റുള്ളതെല്ലാം നൈമിഷികവും താല്‍കാലികവുമാണ്.ഒരു മനുഷ്യന് ആദ്യമായി വേണ്ടത് അവന്റെ ആത്മാവിന്റെ ദാഹം തീര്‍ക്കാനുള്ള ജലവും ഊര്‍ജവുമാണ്. അത് ലഭിക്കണമെങ്കില്‍ മത വിദ്യാഭ്യാസത്തിനു മറ്റുള്ളതിനേക്കാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. രണ്ടു ലോകത്തും അവന് ഉപകാരപ്രദമുള്ളതും ഇതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."