അമ്മ മരിച്ചതറിയാതെ ഒളിച്ചു കളിച്ചും തട്ടിയുണര്‍ത്തിയും പിഞ്ചുകുഞ്ഞ്; തൊണ്ട വരണ്ട് തളര്‍ന്ന് ജീവന്‍ വെടിഞ്ഞ മറ്റൊരു രണ്ടുവയസ്സുകാരന്‍- മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത'ത്തിലെ ഉള്ളുലക്കും കാഴ്ചകള്‍
പട്‌ന: ഇനിയുണരാത്ത ഉറക്കത്തിലാണ് തന്റെ അമ്മയെന്ന് ആ പിഞ്ചുകുഞ്ഞ് അറിയുന്നുണ്ടാവില്ല. അല്ലെങ്കിലും അവനെങ്ങിനെ മനസ്സിലാവാന്‍. പതിവു പോലൊരു ഒളിച്ചു കളിയിലാണവന്റെ അമ്മയെന്ന് കരുതിക്കാണും അവന്‍. കുഞ്ഞുറക്കിനിടെ പുതപ്പിനുള്ളില്‍ നിന്ന് കണ്ടേ എന്നു പറഞ്ഞ് തന്നെ ചിരിപ്പിക്കാന്‍ അമ്മ ഉണര്‍ന്നു വരുമെന്ന് കരുതിക്കാണും. അമ്മയോടൊത്തുള്ള ഒളിച്ചു കളിയുടെ ഓര്‍മകളിലാവണം അമ്മയെ പുതപ്പിച്ച പുതപ്പു വലിച്ചെടുത്ത് അവന്‍ ഒളിച്ചത്. അമ്മ കണ്ണു തുറക്കാത്തത് കണ്ട് ഒന്നു തട്ടി വിളിച്ചും നോക്കി അവന്‍. എന്നിട്ടും അമ്മയുണര്‍ന്നില്ല. കണ്ടേ എന്നു പറഞ്ഞവനെ കോരിയെടുത്തില്ല. വിയര്‍പ്പു നാറുന്ന മാറോടണച്ച് ഉമ്മവച്ചില്ല.
ബിഹാറിലെ മുസഫര്‍ പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് കരള് പിളര്‍ക്കുന്ന ഈ ദൃശ്യം. ദിവസങ്ങളായുള്ള നടത്തത്തിനും യാത്രക്കും വിശപ്പിനും ദാഹത്തിനുമൊടുവില്‍ നാടണഞ്ഞപ്പോഴേക്കും ഇനിയൊരടി വെക്കാനുള്ള ജീവന്‍ ശേഷിച്ചില്ല അവരില്‍. പ്രത്യേക തീവണ്ടിയില്‍ നാട്ടിലെത്തി. എന്നാല്‍ വീടണഞ്ഞില്ല. അതിനു മുമ്പ് തന്നെ ആ പ്ലാറ്റ്‌ഫോമില്‍ അവര്‍ മരിച്ചു വീഴുകയായിരുന്നു. തന്റെ ജീവനിലെ അവസാനത്തെ തുള്ളിയും പകര്‍ന്നു കൊടുത്തതു കൊണ്ടാവണം ജീവനില്‍ പാതിയായ ആ കുരുന്ന് അപ്പോഴും അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.
പ്ലാറ്റ്‌ഫോമില്‍ അനാഥമായി കിടക്കുന്ന അവരുടെ മൃതദേഹത്തിന്റെയും അതിനു ചുറ്റും നടന്നു കളിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങള്‍ ഇതിനകം ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞു. നിസ്സഹായരായി നില്‍ക്കുന്ന ഒരു പറ്റം മനുഷ്യരുണ്ട് ആ ദേഹത്തിനു ചുറ്റും. അവരുടെ മൂത്ത കുട്ടിയാവണം ഇടക്ക് അനിയനെ അമ്മക്കരികില്‍ നിന്ന് പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ ഉണ്ട്.
23കാരിയായ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയതായി പിന്നീട് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതേ റെയില്‍വേ സ്റ്റേഷനില്‍ തൊട്ടപ്പുറത്തായി മറ്റൊരു കാഴ്ച കൂടിയുണ്ട്. ജീവനറ്റ രണ്ടുവയസ്സുകാരനെ മടിയില്‍ കിടത്ത് ആര്‍ത്തലക്കുന്ന ഒരു അമ്മ. കരയാന്‍ പോലും ശേഷിയില്ലാതെ അവര്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു. അവന് വേണ്ടി കൂടിയ ഈ ദുരിത പര്‍വ്വത്തിനൊടുവില്‍ ആശ്വാസത്തിന്റെ തണലണഞ്ഞപ്പോള്‍ അനുഭവിക്കാന്‍ ഇഅവനില്ലാതെ പോയല്ലോ എന്നാവാം...
മാര്‍ച്ചില്‍ ലോക്കഡൗണ്‍ തുടങ്ങിയ അന്ന് തുടങ്ങിയതാണ് ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്കുള്ള ഈ യാത്രകള്‍. പട്ടിണി ഭയന്ന്, മരിക്കാനെങ്കിലും നാടണയാം എന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് നടന്നു തുടങ്ങിയത്. അതും നൂറുകണക്കിന് കിലോ മീറ്ററുകള്‍. വെയിലും ചൂടും വകവെക്കാതെ ദിവസങ്ങളോളമുള്ള നടത്തം. ഇതിനിടെ നിരവധി പേര്‍ പാതിവഴിയില്‍ മരിച്ചു വീണു. ഏറെ വിമര്ശനങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പ്രത്യേക തീവണ്ടികള്‍ ഏര്‍പാടാക്കി. എന്നാല്‍ രാജ്യം പണിതുയര്‍ത്താനായി വിവിധ നാടുകളില്‍ കുടിയേറിയ അനേകായിരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ അപര്യാപ്തമായിരുന്നു ഈ സംവിധാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."