നന്മയുടെ വിളക്കുമരം
അന്ധയും ബധിരയുമായിരുന്നു ഹെലന്‍, നാണം കുണുങ്ങിയായ ശാന്തശീല. നീലക്കണ്ണുകളുള്ള, സ്വര്‍ണത്തലമുടിയുള്ള ഒരു കൊച്ചു സുന്ദരിക്കുട്ടി. കാഴ്ചശക്തിയും കേള്‍വിശക്തിയുമില്ലാത്തതിനാല്‍ ആദ്യം ഒന്നും സംസാരിക്കാന്‍ പഠിച്ചില്ല. 1882 ഫെബ്രുവരിയില്‍ 19 മാസം പ്രായമുള്ളപ്പോള്‍ മസ്തിഷ്‌കജ്വരം ബാധിച്ചു. അതോടെ ആ കുഞ്ഞിന് നഷ്ടമായത് കാഴ്ചയുടെയും കേള്‍വിയുടെയും സുന്ദരലോകമായിരുന്നു.
ശിശുവായിരിക്കുമ്പോള്‍ തന്നെ കാഴ്ച, കേള്‍വി, സംസാരശേഷി എന്നിവ നഷ്ടപ്പെടുക, താന്‍ എന്താണെന്നോ, ചുറ്റുപാടുമുള്ളത് എന്തെല്ലാമാണെന്നോ തിരിച്ചറിയാന്‍ മാര്‍ഗമില്ലാതിരിക്കുക- ഇരുളടഞ്ഞ മുറിക്കുള്ളില്‍ ഏകാന്ത തടവില്‍ കഴിയുന്ന പ്രതീതി. മറ്റുള്ള കുട്ടികളെപ്പോലെ ശബ്ദമുണ്ടാക്കാനോ കളിച്ചുരസിക്കാനോ കഴിയാത്ത അവസ്ഥ. ഇതെല്ലാമായിരുന്നു ഹെലന്‍ കെല്ലര്‍.
വെളിച്ചം തെളിച്ച മുഖങ്ങള്‍
കനല്‍ മൂടിക്കിടന്ന ഹെലന്റെ ജീവിതം ഈതി തെളിയിച്ചത് ചില സ്ത്രീകളാണ്. ആ കനല്‍ അണയാതെ മറ്റുള്ളവര്‍ക്ക് പ്രകാശമേകാന്‍ ഹെലന് കഴിയുകയും ചെയ്തു. ഹെലന് അമ്മയായിരുന്നു അടുത്ത കൂട്ടുകാരി. അമ്മയുടെ ചുണ്ടുകളുടെ ചലനങ്ങള്‍ നോക്കി കാര്യങ്ങള്‍ മനസിലാക്കിയ ഹെലന്‍ പ്രായത്തെക്കാള്‍ കവിഞ്ഞ ബുദ്ധിശക്തിയും ഗ്രഹണശേഷിയും പ്രകടിപ്പിച്ചു. ആറുവയസുള്ളപ്പോള്‍ അന്ധര്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.
ആനി സള്ളിവന്‍, ജീവന്റെ പാതി
1887 മാര്‍ച്ച് 3 -ആനി സള്ളിവന്‍ ഹെലന്റെ വീട്ടില്‍ പഠിപ്പിക്കാനെത്തിയ ദിവസം ഹെലന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമായിരുന്നു. ഒരു നല്ല അധ്യാപികയ്ക്ക് എങ്ങനെയെല്ലാം ഒരു വ്യക്തിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹണം. ഹെലന്‍ ആത്മകഥയില്‍ ആ വരവിന്റെ ഫലം ഇങ്ങനെ കുറിക്കുന്നു. .
'ഇപ്രകാരം ഞാന്‍ ഈജിപ്ത്തില്‍നിന്ന് പുറത്തുകടന്നു. സീനായ് താഴ്‌വരയുടെ മുന്‍പില്‍ നിലകൊണ്ടു. ഒരു ദിവ്യശക്തി എന്റെ ആത്മാവിനെ സ്പര്‍ശിക്കുകയും അതിനു കാഴ്ച നല്‍കുകയും ചെയ്തു.' അങ്ങനെ എനിക്ക് പല അതിശയങ്ങളും കാണാനായി. ഞാനൊരു അശരീരി കേട്ടു.'അറിവ് സ്‌നേഹമാണ്, വെളിച്ചമാണ് കാഴ്ചയാണ്.' ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ അത്ഭുതകരമായ വേഗത്തില്‍ ഹെലന്‍ സ്വായത്തമാക്കി. നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചുകിട്ടിയ അനുഭവം ഹെലനുണ്ടായിരുന്നതിനാല്‍ അവളുടെ മാനസികനില അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായി. ഹെലന്‍ ആത്മകഥയില്‍ ഏറെ പ്രശംസിച്ചിട്ടുള്ള വ്യക്തിയാണ് സള്ളിവന്‍.'ഹെലന്‍ കെല്ലറുടെ നേര്‍പകുതി' എന്നാണ് അവരെ മാര്‍ക് ട്വെയിന്‍ വിശേഷിപ്പിച്ചത്.
1888 മെയില്‍ ഹെലന്‍ അന്ധര്‍ക്കുള്ള പെര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിച്ചു. 1894 ല്‍ ടീച്ചര്‍ ആനി സള്ളിവനോടൊപ്പം അവള്‍ ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ ബധിരര്‍ക്കുള്ള സ്‌കൂളിലും തുടര്‍ന്ന് ഹെറേസ്മാന്‍ സ്‌കൂളിലെ സാറാഫൂളറുടെ സ്‌കൂളിലും പഠിച്ചു. 14-ാം വയസില്‍ ഹെലന്‍ ഇംഗ്ലീഷില്‍ അസാധാരണമായ പ്രാവീണ്യം നേടി. ഒപ്പം ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മന്‍ ഭാഷകളിലും.1896-ല്‍ മസാച്ചു സെറ്റ്‌സിലേക്ക് തിരിച്ച ഹെലന്‍ ദ കേംബിഡ്ജ് സ്‌കൂള്‍ ഫോര്‍ യങ് ലേഡീസില്‍ ചേര്‍ന്ന് ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി. 1904-ല്‍ 24-ാം വയസ്സില്‍ റാഡ്ക്ലിഫ് കോളജില്‍ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ അന്ധ-ബധിര എന്ന ബഹുമതിക്ക് അര്‍ഹയായി.
എഴുത്തിന്റെ ലോകത്ത്
ആനി, ഹെലന് അധ്യാപികമാത്രമായിരുന്നില്ല. അടുത്ത സുഹൃത്തു കൂടിയായിരുന്നു. പുറം കാഴ്ചകളെല്ലാം ആനിയിലൂടെ ഹെലന്‍ കണ്ടു. എഴുതാന്‍ പഠിച്ചതോടെ എഴുത്തായി വിനോദം. ജനങ്ങളെ ഹെലനിലേക്ക് അടുപ്പിച്ചതും അക്ഷരങ്ങള്‍ തന്നെ. 1902ല്‍ ദി സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. അലബാമ സര്‍വകലാശാലയില്‍ വച്ച് പരിചയപ്പെട്ട ജോണ്‍ ആല്‍ബര്‍ട്ട് മാസി എന്ന ചരിത്ര പ്രഫസറാണ് ഈ പുസ്തകം പ്രസദ്ധീകരിച്ചത്. അമേരിക്കയിലെ ലേഡീസ് ഹൗസ് ജേര്‍ണല്‍ എന്ന മാസികയില്‍ അഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ ആത്മകഥ 44 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ആത്മീയ സ്പര്‍ശമുള്ള ലൈറ്റ് ഇന്‍ മൈ ഡാര്‍ക്‌നെസ്, വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാനകൃതികളാണ്. മൈ റിലിജിയന്‍ (1927) മിഡ്‌സ്ട്രീം, മൈ ലേറ്റര്‍ ലൈഫ് (1929), ലെറ്റസ് ഹാവ് ഫെയ്ത്ത് (1940) തുടങ്ങി 12 പുസ്തകങ്ങളും ഹെലന്റേതായിട്ടുണ്ട്.
വൈകല്യമുള്ളവര്‍ക്കായി ജീവിതം
ഗ്രന്ഥരചയിതാവ് എന്നതിലുപരി നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തക കൂടിയായിരുന്നു ഹെലന്‍ കെല്ലര്‍. രാജ്യത്തെ അംഗവൈകല്യം സംഭവിച്ച ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ച ആ മഹത്‌വനിത. സ്ത്രീ സമ്മതിദാനത്തിനും സമാധാനത്തിനും വേണ്ടി വാദിച്ചു. വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ ഭരണകൂട ശ്രദ്ധയില്‍പെടുത്തി.
80-ാം വയസില്‍ ഭാരതം സന്ദര്‍ശിച്ച കെല്ലര്‍ പ്രധാനമന്ത്രി നെഹ്‌റുവിനെക്കൊണ്ട് ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിച്ചു. അന്ധരും ബധിരരുമായ കുട്ടികളുടെ ക്ഷേമത്തിനായി അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് എന്ന പേരില്‍ ഒരു ഫണ്ടും അവര്‍ സമാഹരിച്ചിരുന്നു.
പ്രിയപ്പെട്ടവരുടെ മരണം
1896ല്‍ പിതാവും 1921ല്‍ അമ്മയും മരിച്ചു. 1936ല്‍ ആനി സള്ളിവനും വിടപറഞ്ഞു. 1964ല്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ഉയര്‍ന്ന പൗരനു നല്‍കുന്ന പ്രസിഡെന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അവരെ ആദരിച്ചു.
ഹെലന്റെ ജീവിതത്തെയും ധീരതയെയും അടിസ്ഥാനമാക്കി തയാറാക്കിയ ദ അണ്‍കോണ്‍ക്വേഡ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.1968 ജൂണ്‍ ഒന്നിന് അവര്‍ വിട പറഞ്ഞെങ്കിലും നേട്ടങ്ങളെ ബഹുമാനിച്ച് ഇന്നും അമേരിക്കയില്‍ ഹെലന്‍കെല്ലര്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."