കാസർഗോഡ്: കാസർഗോഡ് പൈവളിഗയിൽ പതിനഞ്ചുകാരിയെയും 42 കാരനായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 26 ദിവസമായി കാണാതായിരുന്ന ഇരുവരെയും വീടിന് സമീപമുള്ള മൈതാനത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകൾ ശ്രുതി (15) അയൽവാസിയും ഓട്ടോ ഓട്ടോ ഡ്രൈവറുമായ പ്രദീപ് (42) എന്നിവരാണ് മരിച്ചത്.
മണ്ടേക്കാപ്പ് മേഖലയിലെ ഗ്രൗണ്ടിന് സമീപമുള്ള മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാണാതായതിന് 26 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഇരുവരുടെയും മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അതോടൊപ്പം ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.
52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രാവിലെ മുതൽ തിരച്ചിൽ നടത്തി. ഏഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരച്ചിലിൽ പങ്കെടുത്തു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.
ഫെബ്രുവരി 12നാണ് പെൺകുട്ടിയെ കാണാതായത്. പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പുറത്തുപോയ ശ്രുതിയെ കാണാനില്ലായിരുന്നു. ആദ്യം മൊബൈൽ ഫോൺ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു. അതേസമയം, അയൽവാസിയായ പ്രദീപിന്റെ ഫോണും അതേ ദിവസം തന്നെ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു
ശ്രുതിയുടെ കുടുംബം പിന്നീട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു. അതിനിടെ, മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം തുടങ്ങി. കുമ്പള സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി.
ഞായറാഴ്ച രാവിലെ, വീടുകൾക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം ഉടൻ ആശുപത്രിയിലേക്ക് മാറ്റും