ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
ഇടുക്കി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്.
‘അട്ടഹാസം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ എക്സൈസ് പരിശോധനയിൽ കുടുങ്ങിയത്. രഞ്ജിത്ത് 'ആവേശം', 'പൈങ്കിളി', 'സൂക്ഷ്മദർശിനി', 'രോമാഞ്ചം', 'ജാനേമൻ' എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."