സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരണപ്പെട്ടു, കൊല്ലം സ്വദേശി ബാബുവാണ് ജുബൈലിൽ മരണപ്പെട്ടത്
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം ഓച്ചിറ സ്വദേശി ദേവസ്വം പറമ്പിൽ ബാബു തമ്പി (44) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ വ്യാഴാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്. ഇവിടെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അഞ്ചു ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഏതാനും ദിവസങ്ങളായി അത്യാസന്ന നിലയിലായിരുന്നു. ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജുബൈലിലെ രണ്ടു സ്വകാര്യ ക്ലിനിക്കുകളിൽ കാണിച്ചിരുന്നു. പിന്നീട് ഇവരുടെ നിർദേശപ്രകാരം ജുബൈൽ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിയെങ്കിലും സ്ഥല പരിമിതി മൂലം പരിശോധന നടന്നിരുന്നില്ല. പിന്നീട് സ്പോൺസർ ഇടപെട്ട ശേഷം രണ്ടു മണിക്കൂർ നേരം ഇവിടെ നിർത്തി മരുന്ന് നൽകി പറഞ്ഞയക്കുകയായിരുന്നു.
എന്നാൽ റൂമിൽ എത്തിയ ശേഷം സ്ഥിതി വഷളാവുകയും ആംബുലൻസ് സഹായം തേടി ജുബൈൽ മുവാസാത് ആശുപത്രിയിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള മറ്റു ഏഴു പേർ കൊവിഡ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. ഇവരുടെ ഫലം പുറത്ത് വന്നിട്ടില്ല. ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ നടപടികൾ പൂർത്തീകരിക്കുന്നതിന് സാമൂഹ്യ പ്രവർത്തകരായ സലിം ആലപ്പുഴ, ബൈജു അഞ്ചൽ എന്നിവർ രംഗത്തുണ്ട്. ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 29 ആയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."