വേഗം കൊണ്ട് ചരിത്രം തിരുത്തി ജിന്‍സണ്‍
തിരുവനന്തപുരം: 1974 ജൂലൈ 27ന് കാനഡയിലെ മോണ്ട്രിയല്‍ ഒളിംപിക്‌സ് വേദിയില്‍ ശ്രീറാം സിങ് ഒരു ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഒരു മിനുട്ട് 45.77 സെക്കന്റ് സമയം. നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും ആ ദേശീയ റെക്കോര്‍ഡ് ഇളക്കം തട്ടാതെ നിന്നു. ഒടുവില്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ചക്കിട്ടപാറയിലെ മണ്‍പാതകളിലൂടെ ഓടിത്തുടങ്ങിയ മലയാളി വേണ്ടി വന്നു ദേശീയ റെക്കോര്‍ഡ് മറികടക്കാന്‍.
42 വര്‍ഷം തികയാന്‍ ഒരുമാസം ബാക്കി നില്‍ക്കേയാണ് ചരിത്രം വഴിമാറിയത്. ഗുവാഹത്തി സരൂസജോയി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലെ ട്രാക്കില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ചരിത്രത്തെ വേഗം കൊണ്ടു മറികടന്നു. ഒരു മിനുട്ട് 45.66 സെക്കന്റ്. സ്‌കൂള്‍ കായിക മേളകളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ വാര്‍ത്തകളില്‍ നിറയാത്ത താരം.
മധ്യദൂര ട്രാക്കില്‍ ഓടിത്തുടങ്ങിയപ്പോള്‍ ജിന്‍സണ്‍ സ്വപ്നം കണ്ടത് ഇന്ത്യന്‍ ജെഴ്‌സിയായിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ ഇന്ന് ജിന്‍സണ് സ്വന്തം. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ ജിന്‍സണ്‍ ദേശീയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നു. 800 മീറ്ററില്‍ ശ്രീറാം സിങിന്റെ ദേശീയ റെക്കോര്‍ഡ് മറികടന്നതോടെ ഏഷ്യന്‍ ഗെയിംസിലേക്കുള്ള ടിക്കറ്റും ജിന്‍സണ്‍ ഉറപ്പിച്ചു. ജിന്‍സണ്‍ ജീവിതത്തിലെ വലിയ നേട്ടത്തിന്റെ സന്തോഷത്തിലാണ്.
താന്‍ ജനിക്കും മുന്‍പേ സ്ഥാപിക്കപ്പെട്ടൊരു റെക്കോര്‍ഡ് തകര്‍ക്കാനായതിന്റെ സന്തോഷത്തില്‍. 2016 ലെ റിയോ ഒളിംപിക്‌സ് യോഗ്യതാ പ്രകടനമായിരുന്നു ഇതുവരെയുള്ള മികച്ച സമയം. ഒരു മിനിട്ടും 45.98 സെക്കന്റും. ശ്രീറാം സിങിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എന്നത് വലിയ ലക്ഷ്യമായി കണ്ടായിരുന്നു ജിന്‍സണ്‍ ട്രാക്കില്‍ കഠിനാധ്വാനം ചെയ്തത്.
സരൂസജോയിലെ ട്രാക്കില്‍ ഇറങ്ങുമ്പോള്‍ പൊന്നുനേടുകയെന്നതായിരുന്നില്ല മനസില്‍. ശ്രീറാം സിങിന്റെ റെക്കോര്‍ഡ് തകര്‍ക്കുക എന്ന വലിയ ലക്ഷ്യം മാത്രമായിരുന്നു. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ ഓടിയെടുത്താണ് ജിന്‍സണ്‍ ട്രാക്കിലെ കുതിപ്പിന് തുടക്കമിട്ടത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ ശിഷ്യനായി ആര്‍മിയിലേക്ക് വന്നതോടെയാണ് ട്രാക്കിലെ വലിയ കുതിപ്പിന് തുടക്കമായത്. സമയത്തെ വേഗം കൊണ്ടു കീഴടക്കിയ ജിന്‍സണ്‍ വിവിധ ഏഷ്യന്‍ ഗ്രാന്റ്്പ്രീകളില്‍ രാജ്യത്തിനായി സ്വര്‍ണം വാരിക്കൂട്ടി. വുഹാന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററിലെ വെള്ളി ജേതാവായി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ടു ഇന്ത്യന്‍ ക്യാംപില്‍ കോച്ച് ആര്‍.എസ് ഭാട്യയ്ക്ക് കീഴിലാണ് പരിശീലനം.
ജിന്‍സണ്‍ ഉള്‍പ്പെടെ ഹ്രസ്വ മധ്യദൂര ട്രാക്കിലെ താരങ്ങള്‍ ഭൂട്ടാനിലെ തിമ്പുവിലാണ് പരിശീലിക്കുന്നത്. കോഴിക്കോട് ചക്കിട്ടപാറയിലെ കുളച്ചല്‍ ജോണ്‍സണ്‍-ശൈലജ ദമ്പതികളുടെ പുത്രനായ ജിന്‍സണ്‍ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ കെ.എം പീറ്ററിന്റെ കീഴിലാണ് ആദ്യം പരിശീലനത്തിന് തുടക്കമിട്ടത്. ആര്‍മിയില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസറാണ്.
ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പുരുഷവിഭാഗത്തില്‍ ഇനിയും തകരാതെ നില്‍ക്കുന്നത് മാരത്തണിലെ ദേശീയ റെക്കോര്‍ഡ് മാത്രമാണ്. 1978 മെയ് 28ന് ശിവ്‌നാഥ് സിങ് സ്ഥാപിച്ച റെക്കോര്‍ഡാണ് 40 വര്‍ഷം പിന്നിട്ടിട്ടും തകരാതെ ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."