കൊളംബിയന്‍ കുളമ്പടി
സമാറാ അരീന: അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചായിരുന്നു കൊളംബിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ മത്സരത്തില്‍ കൊളംബിയ ജപ്പാനോട് പരാജയപ്പെട്ടിരുന്നു. ഇതു കാരണമാണ് കൊളംബിയക്ക് മൂന്നാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നത്. രണ്ടാം മത്സരത്തില്‍ കൊളംബിയ പോളണ്ടിനെ പരാജയപ്പെടുത്തി കളിയിലേക്ക് തിരിച്ചു വന്നു.
പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ സെനഗലിന് സമനില മതിയായിരുന്നെങ്കിലും നിര്‍ണായക മത്സരത്തില്‍ സെനഗലിന് അടിപതറി. കളിയുടെ തുടക്കം മുതല്‍ താളത്തിലുള്ള കളിയാണ് സെനഗല്‍ പുറത്തെടുത്തതെങ്കിലും ഫിനിഷിങ്ങിലെ പിഴവ് പലപ്പോഴും സെനഗലിന് വിനയായി. അതിവേഗക്കാരായ സെനഗല്‍ താരങ്ങല്‍ പന്തുമായി മുന്നേറിയിരുന്നെങ്കിലും അലക്ഷ്യമായ പാസ് പലപ്പോഴും സെനഗലിന് ഗോളുകള്‍ നിഷേധിച്ചു. ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാതെ ഇറങ്ങിയ കൊളംബിയ അര്‍ഹിച്ച ജയം സ്വന്തമാക്കിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.
74-ാം മിനുട്ടില്‍ കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു കൊളംബിയയുടെ ഗോള്‍. ബോക്സിലേക്കെത്തിയ പന്തിനെ യരി മിന ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. സെനഗല്‍ പല തവണ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും കൊളംബിയന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ഓസ്പിനയും തടസമായി.
75-ാം മിനുട്ടില്‍ സെനഗല്‍ മധ്യനിരയില്‍ നിന്ന് ഒരു താരത്തെ പിന്‍വലിച്ച് അറ്റാക്കിങ്ങ് മിഡ്ഫീല്ഡറുടെ റോളില്‍ ഒരു താരത്തെ ഇറക്കി എങ്ങനെയെങ്കിലും ഗോള്‍ മടക്കാനുള്ള വഴികള്‍ നോക്കി. പൊരുതി നോക്കിയിട്ടും സെനഗലിന് സമനില ഗോള്‍ നേടാനാവാതെ വന്നതോടെ തോല്‍വിയുമായി സെനഗല്‍ പുറത്തുപോയി. ഗ്രൂപ്പ് എച്ചില് ജപ്പാനും സെനഗലും പോയിന്റ് നിലയിലും ഗോള്‍ ശരാശരിയിലും ഒരുമിച്ചായതിനാല്‍ ഫെയര്‍ പ്ലേ പരിഗണിച്ച് ജപ്പാനാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."