സി.പി.എം, സി.പി.ഐ തുറന്ന പോരിന്
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സി.പി.എം, സി.പി.ഐ തുറന്ന പോരിലേയ്ക്ക്.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മുതല്‍ ജിഷ്ണു കേസിലെ ഇടപെടലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആഭ്യന്തരവകുപ്പിനെതിരേയും ഇന്നലെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയായി. ഇങ്ങനെ സി.പി.എമ്മിന്റെ ആട്ടും തുപ്പുമേറ്റ് കഴിയണോ എന്നുവരെ ചര്‍ച്ച വന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലിസ് സി.പി.എമ്മിന്റെ ഗുണ്ടകളായി മാറുന്നു.സി.പി.എം നേതാക്കള്‍ കൈയേറിയിരിക്കുന്ന സര്‍ക്കാര്‍ സ്ഥലം വരെ പിടിച്ചെടുക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപെട്ടു.
സി.പി.എമ്മിന്റെ നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ല പാര്‍ട്ടി പ്രതിനിധികളായി മന്ത്രിസ്ഥാനത്തിരിക്കുന്നത്. റവന്യു വകുപ്പിന്റെ അധികാരം വിനിയോഗിക്കണം. സബ് കലക്ടര്‍ രഘുറാം ശ്രീറാമിന് എല്ലാ പിന്തുണയും നല്‍കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരനോട് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപെട്ടു. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരം അവസാനിപ്പിക്കാന്‍ മധ്യസ്ഥനായ കാനത്തിന്റെ ഇടപെടലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടും യോഗം ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തല്ലെന്ന് സി.പി.ഐയെ പ്രകാശ് കാരാട്ട് ഓര്‍മിപ്പിച്ചതും ഇടതുമുന്നണിയുടെ മേലാളായി കാനത്തെ നിയമിച്ചിട്ടില്ലെന്ന ഇ.പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റും യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.
മൂന്നാറിനെ ചൊല്ലിയായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും. വിഷയത്തില്‍ മന്ത്രി മണി നടത്തിയ പ്രസ്താവന അനുചിതമാണെന്നും കേരളത്തില്‍ തമ്പുരാന്‍ ഭരണമല്ലെന്നും നേതാക്കള്‍ തുറന്നടിച്ചു. ഇങ്ങനെ പോയാല്‍ സി.പി.എം നേതാക്കളെ കുറിച്ച് തങ്ങള്‍ക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും. മൂന്നാറില്‍ സി.പി.എമ്മിന്റെ നിലപാട് എന്തായാലും റവന്യു മന്ത്രി എന്ന നിലയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന് കൗണ്‍സില്‍ കര്‍ശന നിര്‍ദേശം നല്‍കി. റവന്യു വകുപ്പ് നടപ്പാക്കുന്നത് ഇടത് മുന്നണിയുടെ നയം തന്നെയാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ റവന്യു വകുപ്പ് നടപ്പാക്കുന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഇടുക്കിയില്‍ അനധികൃത കൈയേറ്റങ്ങളുടെ വിശദ വിവരം കലക്ടറോട് ആവശ്യപെട്ടിട്ടുണ്ടെന്നും സബ് കലക്ടറുടേത് ധീരമായ നടപടിയാണെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ ഉറപ്പു നല്‍കി. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു നിലപാടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ ഒരു നയമേ ഉള്ളൂ. അത് എല്‍.ഡി.എഫിന്റേതാണെന്നും കാനം പറഞ്ഞു.
മൂന്നാര്‍ സംബന്ധിച്ച നിലപാട് മുഖ്യമന്ത്രി നിയമസഭയിലും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും വ്യക്തമാക്കിയിട്ടുണ്ട്. റവന്യു മന്ത്രിയും ഇക്കാര്യം നിയമസഭയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എല്‍.ഡി.എഫ് നിലപാടിന് എതിരായി ഏതെങ്കിലും മന്ത്രിയോ എം.എല്‍.എയോ സംസാരിച്ചാല്‍ പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയാണെന്നും കാനം പറഞ്ഞു.പൊലിസ് നയത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു. ആഭ്യന്തര വകുപ്പ് പൂര്‍ണപരാജയമാണ്. കേരളത്തില്‍ പൊലിസ് രാജ് ആണ് നടപ്പാവുന്നത്. ഡി.ജി.പിയെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇപ്പോള്‍ നടപ്പാക്കുന്നത് ഇടത് മുന്നണിയുടെ നയമല്ലെന്നും എക്‌സിക്യുട്ടീവ് വിലയിരുത്തി.
രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയത് രാഷ്ട്രീയമായി ദോഷം ചെയ്യും. പൊലിസ് നയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. വിവാദപരമായ പല വിഷയങ്ങളുടേയും പശ്ചാത്തലത്തിലാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് ഇന്നലെ അടിയന്തരമായി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."