ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാരിനെതിരേ തിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്: കോടിയേരി
കോഴിക്കോട്: ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും സര്‍ക്കാരിന് എതിരായി തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഏക സഹോദരങ്ങളെപ്പോലെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യോജിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതു മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കുകയെന്ന അജന്‍ഡക്കു അപ്പുറമുള്ള ദീര്‍ഘകാല ലക്ഷ്യം ഇതിലില്ലേ എന്നും അദ്ദേഹം ചോദിച്ചു.
സി.പി.എം മുഖപത്രമായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ജിഷ്ണു സമരത്തില്‍ പ്രതിപക്ഷത്തിനെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ചത്.
ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍വന്നതിന്റെ 60ാം വാര്‍ഷികാഘോഷ ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും സമരത്തിനെത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃച്ഛികമല്ല. കുടുംബാംഗങ്ങളെ കരുവാക്കി എല്‍ ഡി എഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയഗൂഢാലോചന പലതലങ്ങളില്‍ നടന്നിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും പൊലിസ് അറസ്റ്റു ചെയ്ത സംഭവത്തെയും കോടിയേരി ലേഖനത്തില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡി ജി പി ഓഫിസ് പരിസരം നിരോധിതമേഖലയായി പ്രഖ്യാപിച്ചത് 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.
അത്തരം സ്ഥലങ്ങളില്‍ ആര് സമരത്തിന് പോയാലും സംഘം ചേര്‍ന്നാലും നിയമവിരുദ്ധനടപടിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നത് എല്ലാ കാലത്തും ചെയ്തുപോന്നിട്ടുള്ള നടപടിമാത്രമാണ്. അവിടെ അറസ്റ്റ് ചെയ്ത ആരോടെങ്കിലും പ്രത്യേകവിരോധം തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ 11 മാസംവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ.
ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ലെന്നും ലേഖനത്തിലുണ്ട്. മഹിജയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ലേഖനത്തിലുടനീളമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."