കമുകിന്‍ തടിയാണ്, കുരുന്നുകളുടെ ജീവനാണ്...
ബെള്ളൂര്‍: കുത്തിനിര്‍ത്തിയ കമുകിന്‍ തടാികള്‍ക്ക് മുകളില്‍ നാല് കമുക് തടികള്‍ ചേര്‍ത്ത് കെട്ടിയ ഈ പാലത്തിലൂടെയാണ് കരുന്നുകളായ വിദ്യാര്‍ഥികളും നാട്ടുകാരും മറുകര താണ്ടുന്നത്. ഏച്ചുകെട്ടിയ കമുകിന്‍ തടികള്‍ക്ക് മുകളിലൂടെ ദിനംപ്രതി കുട്ടികള്‍ നടത്തുന്ന യാത്ര ഭീതികരമാണ്. അപകടത്തിന് കാത്തിരിക്കാതെ ഇവിടെ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബെള്ളൂര്‍ പഞ്ചായത്തിലെ പെറുവത്തോടി-കായിമല പ്രദേശത്തുകാര്‍ക്ക് കായിമലയിലെ തോട് കടന്ന് അക്കരെയെത്തണമെങ്കിലുള്ള ഏക ആശ്രയം കര്‍ഷകരായ നാട്ടുകാര്‍ കൂട്ടായ്മയില്‍ പണിത കമുക് പാലം മാത്രമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഈ നൂല്‍പ്പാലത്തിലൂടെ കടക്കുന്നത്. ബെള്ളൂര്‍, അംഗല്‍പാടി, ബെളിഞ്ച, ബദിയഡുക്ക തുടങ്ങിയ സ്‌കൂളുകളിലേക്ക് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കടന്ന് ചെല്ലാന്‍ ആശ്രയിക്കുന്നത് ഇതേ പാലത്തിനെയാണ്.
രക്ഷിതാക്കളില്‍ പലരും സ്‌കൂളില്‍ പോകുന്ന കുട്ടികളെ രാവിലെയും വൈകുന്നേരവും പാലത്തിലുടെ ഇരുവശങ്ങളിലേക്കും എത്തിക്കാറാണ് പതിവ്. തൊട്ടടുത്ത മുള്ളേരിയയിലേക്കോ ബദിയഡുക്കയിലേക്കോ എത്തിപ്പെടണമെങ്കില്‍ ഈ പാലമില്ലെങ്കില്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാത്രവുമല്ല, എതൊരു ആവശ്യത്തിനും ഇവിടുത്തുകാര്‍ക്ക് ആശ്രയിക്കേണ്ടത് കിന്നിംഗാറിനേയാണ്. പഞ്ചായത്ത് ഓഫിസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് കിന്നിംഗാറിലാണ് അതിനാല്‍ തന്നെ അപകടം മുന്നില്‍ക്കണ്ടു കൊണ്ട് പാലത്തിലൂടെ ജീവന്‍ പണയംവച്ച് നാട്ടുകാര്‍ യാത്ര തുടരുകയാണ്. കായിമല പെറുവത്തോടിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു വശം പതിനൊന്നാം വാര്‍ഡിലും മറു വശം പന്ത്രണ്ടാം വാര്‍ഡിലുമാണ് സ്ഥിതി ചെയ്യുന്നത്. മാത്രവുമല്ല പാലം സ്ഥിതി ചെയ്യുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. നേരത്തെ പാലം പണിയുവാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമം നടത്തിയെങ്കിലും സ്ഥലം വിട്ടു കൊടുക്കുവാന്‍ തയാറായിരുന്നില്ല.
എന്നാല്‍ പാലം പണിയുന്നതിന് വേണ്ടി സ്വകാര്യ വ്യക്തി സ്ഥലം വിട്ടുതരാമെന്ന് പഞ്ചായത്ത് അധികൃതരെ ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ചെറുകിട ജലസേചന പദ്ധതിയില്‍പ്പെടുത്തി ശാശ്വത പരിഹാരമെന്ന നിലയില്‍ പാലം പണിയുവാന്‍ പഞ്ചായത്ത് അധികൃതര്‍ ബന്ധപെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് പറയുമ്പോഴും നല്ലൊരു കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ കടമ്പകള്‍ ഏറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."