മൂലം വള്ളംകളി: നടുഭാഗം ജേതാവ്
കുട്ടനാട്: ചമ്പക്കുളം മൂലം വള്ളം കളിയില്‍ കുര്യന്‍ ജോസഫ് മണത്തറ നയിച്ച നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കി. ശിവപ്രസാദ് കൊച്ചുകൈയത്തറ നയിച്ച യു.ബി.സി. കൈനകരിയുടെ ചമ്പക്കുളം ചുണ്ടനെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം ജേതാവായത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് മൂന്നാം സ്ഥാനം.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ജിഫി ഫെലിക്‌സ് നയിച്ച കുമരകം കൗപ്പുഴമുട്ട് എന്‍.സി.ഡി.സി. ബോട്ട് ക്ലബ്ബ് തുഴഞ്ഞ ശ്രീവിനായകനാണ് ഒന്നാം സ്ഥാനവം.
സെന്റ് ജോര്‍ജ് ചുണ്ടന്‍ രണ്ടാം സ്ഥാനവും ചെറുതന മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ജോണ്‍ അലക്‌സ് വാളക്കുഴി നയിച്ച പള്ളാത്തുരുത്തി എംബ്രോസ് ബോട്ട് ക്ലബ്ബിന്റെ ഷോട്ട് പുളിക്കത്തറ ഒന്നും മണലി രണ്ടാം സ്ഥാനവും നേടി. ഓടി എ ഗ്രേഡില്‍ അര്‍ജുന്‍ എം സത്യന്‍ കുമരകം നയിച്ച സമുദ്ര ബോട്ട് ക്ലബ്ബ് തുഴഞ്ഞ തുരുത്തിത്തറ ഒന്നാം സ്ഥാനവും പടക്കുതിര രണ്ടാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡില്‍ ജാക്‌സണ്‍ സ്റ്റീഫന്‍ കുരുവിള നയിച്ച മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്ബിന്റെ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാം സ്ഥാനവും പുന്നത്ര പുരയ്ക്കല്‍ രണ്ടാം സ്ഥാനവും നേടി. ഓടി ബി ഗ്രേഡില്‍ ഫാ. മാര്‍ട്ടിന്‍ ക്യാപ്റ്റനായുള്ള എസ്.എച്ച്.ബി.സി. കൈനകരിയുടെ താണിയന്‍ ഒന്നാംസ്ഥാനവും ഡാനിയേല്‍ രണ്ടാം സ്ഥാനവും നേടി.
ജലമേളയ്ക്ക് തുടക്കം കുറിച്ച് കളക്ടര്‍ എസ്. സുഹാസ് പതാകയുയര്‍ത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ശ്രീപ്രസാദ് നായര്‍, ചമ്പക്കുളം കല്ലൂര്‍ക്കാട് ബെസിലിക്ക റെക്ടര്‍ ഫാ. എബ്രഹാം കാടാത്തുകളം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പ്രതിഭാഹരി എം.എല്‍.എ., സബ്കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലൈല രാജു, പോളി തോമസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് മാത്യു പഞ്ഞിമരം, ഡി. മഞ്ജു, എം.കെ. ചാക്കോ, ജനൂപ് പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് എ. പദ്മകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."