ലോക്പാല്‍ ഉത്തരവായി: ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായി എട്ടംഗങ്ങളെ നിയമിച്ചു
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ജഡ്ജി പി.സി ഘോഷിനെ ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറപ്പെടുവിച്ചു.
ജസ്റ്റിസ് ദിലീപ് ബി ബോസ്്‌ലെ, ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തി, ജസ്റ്റിസ് അഭിലാഷ കുമാരി, ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാദി എന്നിവര്‍ ലോക്പാലിലെ ജുഡീഷ്യല്‍ അംഗങ്ങളും ദിനേഷ് കുമാര്‍ ജയ്ന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിങ്, ഡോ. ഇന്ദര്‍ജിത് പ്രസാദ് ഗൗതം എന്നിവര്‍ ജുഡീഷ്യല്‍ ഇതര അംഗങ്ങളുമാണ്. എട്ടില്‍ കൂടുതല്‍ അംഗങ്ങള്‍ ലോക്പാലില്‍ ഉണ്ടാകരുതെന്നാണ് നിയമം. ഇതില്‍ 50 ശതമാനം പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. 50 ശതമാനം അംഗങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുമായിരിക്കണം. അതില്‍ വനിതാ പ്രാതിനിധ്യവും പാലിക്കണം.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനു തുല്യമാണ് ലോക്പാല്‍ അധ്യക്ഷന്റെ ശമ്പളം. അംഗങ്ങള്‍ക്ക് സുപ്രിംകോടതി ജഡ്ജിമാരുടേതിന് തുല്യമായ ശമ്പളവും ലഭിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാനുള്ളതാണ് ലോക്പാല്‍. പ്രധാനമന്ത്രി മുതല്‍ കേന്ദ്രസര്‍ക്കാറിന്റെ ഡി വിഭാഗം ജീവനക്കാരുള്‍പ്പടെയുളളവര്‍ ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍, പ്രതിരോധം, ആഭ്യന്തര സുരക്ഷ, സ്‌പേസ്, ആറ്റോമിക് എനര്‍ജി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ അനുമതിയുണ്ടാകില്ല.
അഴിമതി ഇല്ലാതാക്കുന്നതിനുള്ള ലോക്പാല്‍ നിയമം 2013ല്‍ പാസാക്കിയിരുന്നെങ്കിലും ലോക്പാലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിരുന്നില്ല.
സുപ്രിംകോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് തയാറാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."