ബെവ് ക്യൂ ആപ്പില്‍നിന്നു ഡാറ്റാ ചോര്‍ച്ചാ ഭീഷണിയും വിവരങ്ങള്‍ ദുരുപയോഗത്തിനും സാധ്യത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് മദ്യം വില്‍ക്കുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്ന ബെവ് ക്യൂ ആപ്പില്‍നിന്നും വ്യക്തി വിവരങ്ങള്‍ ചോരുമെന്ന ഭീഷണി. ഇതിനിടെതന്നെ നിരവധി പിഴവുകള്‍ ഉണ്ടായ ആപ്പില്‍നിന്നും വിവരങ്ങളുടെ ദുരുപയോഗത്തിനും സാധ്യത ഏറെയാണ്. മാത്രമല്ല വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച് ഫെയര്‍കോഡ് ടെക്‌നോളജീസ് എന്ന സ്ഥാപനവുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ സംബന്ധിച്ചും അവ്യക്തതയുണ്ട്.
ഇന്നലെ പുറത്തുവിട്ട ബെവ് ക്യൂ ആപ്പില്‍ പ്രവേശിക്കുന്നതിന് പേരും ഫോണ്‍ നമ്പറും പിന്‍കോഡും രജിസ്റ്റര്‍ ചെയ്ത് നിബന്ധനകളും വ്യവസ്ഥകള്‍ അംഗീകരിക്കണം.
ആപ്ലിക്കേഷനില്‍ പേര്, ഫോണ്‍നമ്പര്‍, പിന്‍കോട് എന്നിവ നല്‍കുന്നതിന് ഞാന്‍ സമ്മതിക്കുന്നു എന്ന് പ്രത്യേകമായി പറഞ്ഞിട്ടുള്ളതിനു പുറമേ 23 വയസിനു മുകളില്‍ പ്രായമുണ്ടെന്നും സമ്മതിക്കണം. രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പറുകളെല്ലാം ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നയാളിന്റെ സമ്മതമുള്ളതിനാല്‍ ആധാര്‍ വിവരങ്ങള്‍വരെ ഫെയര്‍കോഡ് കമ്പനിക്ക് ശേഖരിക്കാനാകുമോയെന്ന് സംശയമുണ്ട്.
അങ്ങനെയെങ്കില്‍ ആദ്യ ദിനത്തില്‍തന്നെ രണ്ടുലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ബെവ് ക്യൂലൂടെ സംസ്ഥാനം ഇന്നുവരെക്കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിവര ചോര്‍ച്ചയാകും ഉണ്ടാകാന്‍ പോകുന്നത്.
ആമസോണ്‍ ക്ലൗഡിലാണ് ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നതും ആശങ്കയുണര്‍ത്തുന്നതാണ്. സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ കീഴിലുള്ള ഏതെങ്കിലും സംവിധാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമൊരുക്കാതെ ആമസോണ്‍ ക്ലൗഡിനെ ഉപയോഗിച്ചതു ദുരൂഹമാണ്. സംസ്ഥാനത്ത് മദ്യം വാങ്ങുന്നവരുടെ എണ്ണവും അവരുടെ ഫോണ്‍ നമ്പറുകളും കൃത്യമായി സ്ഥലം മനസിലാക്കുന്നതിന് പിന്‍കോഡ് ഉള്‍പ്പെടെ ലഭിക്കുന്ന സാധ്യത വന്നാല്‍ മദ്യ കമ്പനികള്‍ക്ക് മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്താനാകും.
ഫെയര്‍കോഡ് എന്ന കമ്പനി സി.പി.എം അനുഭാവിയുടേതാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനകംതന്നെ ഉന്നയിച്ചതാണ്. എന്നാണ് ഇത് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ തള്ളിക്കളഞ്ഞ ശേഷവും പ്രതിപക്ഷ നേതാവ് ആരോപണം ആവര്‍ത്തിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ആപ്പ് നിര്‍മിക്കാന്‍ ഫെയര്‍ കോഡിന് വഴിവിട്ട് കരാര്‍ നല്‍കിയതിനു പുറമേ ഇതില്‍നിന്നു വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും വരും ദിവസങ്ങളില്‍ വിവാദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."