സീറ്റ് മോഹം തലയ്ക്കുപിടിച്ചു; നേതാക്കളുടെ പാര്‍ട്ടി മാറ്റം തുടരുന്നു
മുംബൈ അഗര്‍ത്തല: തെരഞ്ഞെടുപ്പ് ചൂടിനു ശക്തിയേറുമ്പോള്‍ പ്രമുഖ നേതാക്കളുടെ പാര്‍ട്ടി മാറ്റം തുടരുന്നു. ഇന്നലെ മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവച്ചപ്പോള്‍ ത്രിപുരയില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാധാകൃഷ്ണ വിഖേ പാട്ടീല്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ രാജി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ സുജയ് വിഖേ പാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പ്രതിപക്ഷ നേതാവിന്റെ രാജിയില്‍ സ്തബ്ധരായിരിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി കാണിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ അദ്ദേഹം രാഹുല്‍ ഗാന്ധിക്കു കൈമാറി.
തന്റെ മകന്‍ സുജയ് പാര്‍ട്ടി വിടാന്‍ കാരണം ശരത്പവാറാണെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആരോപിച്ചിരുന്നു. എന്‍.സി.പിയുമായുള്ള ചര്‍ച്ചയില്‍ ചില സീറ്റുകള്‍ വച്ചുമാറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഹമ്മദ് നഗര്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും അന്തരിച്ച തന്റെ പിതാവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ് ശരത് പവാര്‍ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് സുജയ് പാര്‍ട്ടി വിട്ടതെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന സുജയ് വിഖേ പാട്ടീല്‍ അഹമ്മദ് നഗര്‍ സീറ്റില്‍ മത്സരിക്കും. മകനെതിരേ ഇവിടെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വിഖേ പാട്ടീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ദേഹവും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മാര്‍ച്ച് 12നാണ് സുജയ് കോണ്‍ഗ്രസ് വിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് നഗര്‍ സീറ്റില്‍ തന്നെ ന്യൂറോ സര്‍ജന്‍കൂടിയായ സുജയ് മത്സരിക്കുമെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറയുകയും ചെയ്തു.
അതേസമയം വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുടുംബമാണ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റേതെന്ന് മഹാരാഷ്ട്ര മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹിബ് തൊറോട്ട് പറഞ്ഞു. പാര്‍ട്ടി പ്രത്യേക പരിഗണനയാണ് ഈ കുടുംബത്തിനു നല്‍കിയിരുന്നത്. എന്നിട്ടും വിഖേ പാട്ടീല്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ ബി.ജെ.പിയില്‍ നിന്ന് സുബല്‍ ഭൗമിക് രാജിവച്ചതിനു കാരണം സീറ്റ് നിഷേധിച്ചതാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ത്രിപുരയില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ ശ്രമിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു ഭൗമിക്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2015ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
അദ്ദേഹത്തിനു പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കു വലിയ തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രമുഖരും പാര്‍ട്ടി വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."