വെല്ലുവിളിച്ച് ബംഗാള്‍ സി.പി.എം കോണ്‍ഗ്രസ് ബന്ധം തുടരും; പി.ബിക്ക് ബന്ധം വിടാം
ന്യൂഡല്‍ഹി: പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം തള്ളി തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ സി.പി.എം പശ്ചിമബംഗാള്‍ ഘടകം തീരുമാനിച്ചു. കോണ്‍ഗ്രസിനെ കൈവിടാനാകില്ലെന്നും വേണമെങ്കില്‍ പോളിറ്റ് ബ്യൂറോയ്ക്ക് സംസ്ഥാന കമ്മിറ്റിയുമായി വേര്‍പിരിയാമെന്നും സി.പി.എം ബംഗാള്‍ ഘടകം മുന്നറിയിപ്പു നല്‍കിയതായാണു സൂചന.
കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം തെറ്റായെന്ന് പി.ബി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ തയാറാകാതെയാണ് ബംഗാള്‍ ഘടകം കടുത്ത നിലപാട് തുടരുന്നത്. വിവാദം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന കേന്ദ്ര നേതാക്കള്‍ക്ക് ബംഗാള്‍ ഘടകത്തിന്റെ കടുംപിടുത്തം തലവേദനയായി തുടരുകയുമാണ്. പ്രധാന പി.ബി അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാനസമിതി- സെക്രട്ടേറിയറ്റ് യോഗങ്ങളിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിയതോടെ ചരിത്രത്തിലെ തന്നെ അസാധാരണ പ്രതിസന്ധിയാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ നീളുന്ന പാര്‍ട്ടിപ്ലീനം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. അടുത്തമാസം കേന്ദ്ര കമ്മിറ്റി യോഗവും നടക്കുന്നുണ്ട്.
കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാന നേതൃയോഗത്തില്‍ ബംഗാളിലെ ഒട്ടുമിക്ക നേതാക്കളും തെരഞ്ഞെടുപ്പു സഖ്യത്തെ വിമര്‍ശിക്കുന്ന കേന്ദ്ര കമ്മിറ്റി രേഖയെ തള്ളിപ്പറഞ്ഞു. മൂന്നോ നാലോ പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ബന്ധം തുടരുന്നതിനെ എതിര്‍ത്തത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, എം.എ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പശ്ചിമബംഗാളിലെ അസാധാരണ സാഹചര്യം തിരിച്ചറിയാതെ ഏകപക്ഷീയമായാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ലേഖനങ്ങളെഴുതിയും പത്രസമ്മേളനം നടത്തിയും ഡല്‍ഹിയിലിരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം അറിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് സഹകരണത്തിന് മുന്‍കൈയെടുത്ത ബംഗാള്‍ നേതൃത്വത്തിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജഗ്മതി സാഗ്വാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."