സഊദിയില്‍ അക്കൗണ്ടിങ് മേഖലയില്‍ സ്വദേശികള്‍ക്ക് 20,000 തൊഴിലുകള്‍ ലഭ്യമാക്കാന്‍ പദ്ധതി
റിയാദ്: സഊദിയില്‍ അക്കൗണ്ടിങ് മേഖലയില്‍ സ്വദേശികള്‍ക്ക് 20,000 തൊഴിലുകള്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്. ഇതിനായി സഊദി പബ്ലിക് അക്കൗണ്ടന്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചു സഊദി തൊഴില്‍ മന്ത്രാലയം വിദേശികള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ധാരണാ പത്രത്തില്‍ സഊദി തൊഴില്‍ മന്ത്രാലയവും സഊദി അക്കൗണ്ടന്റ് ഓര്‍ഗനൈസേഷനും ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ടും ഒപ്പ് വെച്ചു. ധാരണ പ്രകാരം അക്കൗണ്ടിംഗ് ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശികളെ കൂടുതല്‍ നിയമിക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.
പുതിയ പദ്ധതി പ്രകാരം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരിക. സഊദി അക്കൗണ്ടിംഗ് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ടിംഗ് പ്രഫഷന്‍ ഇഖാമകളുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടിംഗ് ഓര്‍ഗനൈസേഷന്റെ അപ്രൂവല്‍ കിട്ടിയാല്‍ മാത്രം വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കുകയും ചെയ്യുന്ന സംവിധാനമായിരിക്കും നടപ്പാക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാലേ വിദേശികളുടെ ഇഖാമ പുതുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും.
ജനറല്‍ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് സൂപര്‍വൈസര്‍ എന്നീ പ്രഫഷനുകളാണു പ്രധാനമായും അധികൃതര്‍ ലക്ഷ്യമാക്കുന്നത്. 2019ല്‍ മാത്രം 2016 തൊഴിലുകളും, 2020 ല്‍ മാത്രം 4034 തൊഴിലുകളും, 2021ല്‍ 6049 തൊഴിലുകളും, 2022ല്‍ 8066 തൊഴിലുകളും എന്നിങ്ങനെ ഘട്ടം ഘട്ടമായി സഊദികള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."